മാവേലിക്കര: വാക്‌തർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് തെക്കേക്കര ഉമ്പർനാട്ട് യുവാവ് മരിച്ചു. ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (36) ആണു മരിച്ചത്. പ്രതി ഉമ്പർനാട് പത്തിരിൽ വീട്ടിൽ വിനോദ്(50) ഒളിവിലാണ്. തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാൽ പാലത്തിനുസമീപം അശ്വതി ജങ്ഷനിൽ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണു സംഭവം.[www.malabarflash.com]
വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാനെത്തിയ സജേഷ്, തന്റെ ബൈക്ക് വിനോദിന്റെ വീടിനടുത്തുള്ള റോഡിൽ വെച്ചു. രാത്രി ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് വിനോദ് കത്തിയെടുത്തു കുത്തുകയായിരുന്നു. ഇടതു കൈയുടെ പേശിയിൽ കുത്തേറ്റ സജേഷ് നിലവിളിച്ചുകൊണ്ട് അടുത്തുള്ള കനാൽപ്പാലത്തിനു സമീപത്തേക്കോടി. ബഹളം കേട്ടെത്തിയവർ വിനോദിനെ തടഞ്ഞ് കത്തി പിടിച്ചുവാങ്ങി.
റോഡിലെ രക്തത്തുള്ളികൾ പിന്തുടർന്നു പോയപ്പോഴാണു രക്തംവാർന്ന് കനാൽ പാലത്തിനു സമീപം കുഴഞ്ഞുവീണ നിലയിൽ സജേഷിനെ കണ്ടത്. അപ്പോഴേക്കും വിനോദ് രക്ഷപ്പെട്ടു. സജേഷിനെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്കു കൊണ്ടുപോയെങ്കിലും വഴിയിൽ മരിച്ചു. കുത്തിയ കത്തി കുറത്തികാട് പോലീസ് കണ്ടെടുത്തു.
പുന്നമൂട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറാണു വിനോദ്. എ.സി. മെക്കാനിക്കായ സജേഷ് കൊല്ലം കളക്ടറേറ്റ് വാർഡിൽ അഞ്ചുകല്ലുംമൂട് കുഞ്ചുവീട്ടിൽ വടക്കതിൽ വിജയന്റെയും സരളാദേവിയുടെയും മകനാണ്.
വിവാഹത്തിനുശേഷം ഉമ്പർനാട്ടാണു താമസം. സജേഷും വിനോദും കുടുംബസുഹൃത്തുക്കളാണ്. മുൻ വൈരമാണു സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സൗമ്യയാണു സജേഷിന്റെ ഭാര്യ. മക്കൾ: ശ്രിഗ, ശ്രിയ.
0 Comments