ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകൻ പ്രശാന്ത് മദൽ കൈക്കൂലി കേസിൽ അറസ്റ്റിൽ. ബെംഗളൂരുവിലെ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ടൻ്റ് ഓഫീസറാണ് പ്രശാന്ത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.[www.malabarflash.com]
കർണാടക സർക്കാരിന്റെ അഴിമതി വിരുദ്ധ നിരീക്ഷണ വിഭാഗമായ ലോകായുക്ത വിഭാഗം നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്.ഓഫീസിൽവെച്ചാണ് പ്രശാന്ത് കൈക്കൂലി വാങ്ങിയത്. 40 ലക്ഷം കൈക്കൂലിക്ക് പുറമെ 1.7 കോടി രൂപയും പ്രശാന്ത് മദലിന്റെ ഓഫീസിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.
പരിശോധനയിൽ എംഎൽഎയുടെ വസതിയിൽ നിന്ന് ആറ് കോടി രൂപയും കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ കൈക്കൂലി കേസ് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കൈക്കൂലി വാങ്ങുന്നു എന്ന് വിവരമറിഞ്ഞ് ലോകയുക്ത ഉദ്യോഗസ്ഥർ കെണിയൊരുക്കിയാണ് പ്രശാന്തിനെ കുടുക്കിയത്. 'പ്രശാന്ത് മദലിൻ്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.7 കോടി രൂപയാണ് കണ്ടെടുത്തത്. മകൻ പിതാവിന് വേണ്ടി കൈകൂലി വാങ്ങിയതായാണ് സംശയിക്കുന്നത്. പണം എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം തുടരുകയാണ്', ലോകയുക്ത വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.
0 Comments