ന്യൂഡല്‍ഹി: ട്രാഫിക് സിഗ്നലില്‍വെച്ച് ബൈക്ക് യാത്രക്കാരന്റെ ബാഗില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഭിഷേക്, ആകാശ് എന്നിവരെയാണ് ഡല്‍ഹി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍നിന്ന് 38 ലക്ഷം രൂപ കണ്ടെടുത്തതായും കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.[www.malabarflash.com]
മാര്‍ച്ച് ഒന്നാം തീയതി ചെങ്കോട്ടയ്ക്ക് സമീപത്തെ ട്രാഫിക് സിഗ്നലിലാണ് ഞെട്ടിക്കുന്ന കവര്‍ച്ച നടന്നത്. സിഗ്നലില്‍ ബൈക്കിന്റെ വേഗം കുറച്ചപ്പോള്‍ പ്രതികളായ മൂന്നുപേരും ബൈക്കിനെ പിന്തുടര്‍ന്നെത്തുകയും യാത്രക്കാരനറിയാതെ ബാഗിന്റെ സിപ്പ് തുറന്ന് പണം കവരുകയുമായിരുന്നു.
തൊട്ടരികെ ഒട്ടേറെ വാഹനങ്ങളുള്ള, തിരക്കേറിയ സമയത്തായിരുന്നു മോഷണം. യുവാക്കള്‍ ബൈക്കിന്റെ പിന്‍വശം വളയുന്നതിന്‍റെയും ഒരാള്‍ ബാഗില്‍നിന്ന് പണമെടുത്ത് മറ്റൊരാള്‍ക്ക് കൈമാറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കേസിലെ പ്രതികളായ മൂന്നുപേരും കുപ്രസിദ്ധ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. ബൈക്ക് യാത്രക്കാരെയാണ് ഇവര്‍ പതിവായി കൊള്ളയടിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
0 Comments