മലപ്പുറം: മലയാളി യുവതിക്ക് ന്യൂസിലൻഡിലെ ഓക്ലൻഡ് യൂനിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ 50 ലക്ഷം രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. മലപ്പുറം എടവണ്ണ പത്തപ്പിരിയം ഫാത്തിമ ഗാർഡനിൽ ജസ്ന അഷ്റഫാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.[www.malabarflash.com]
ഓക്ലൻഡ് യൂനിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയതിനൊപ്പമാണ് നേട്ടം. പോളിമർ പദാർഥങ്ങളോടുള്ള അർബുദ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ജസ്ന നടത്തിയ പഠനം മനുഷ്യശരീരത്തിൽ അർബുദ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കുന്നതാണ്. മേയ് നാലിന് നടക്കുന്ന ചടങ്ങിൽ സർവകലാശാല ജസ്നക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.
തൊടുപുഴ എൻജിനീയറിങ് കോളജിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കും കോട്ടയം മഹാത്മ ഗാന്ധി സർവകലാശാല കാമ്പസിൽനിന്ന് പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജിയിൽ എം.ടെകും നേടിയ ജസ്ന രണ്ടു വർഷം അബൂദബി ഖലീഫ സർവ്വകലശാലയിലും ഖത്തർ സർവ്വകലാശാലയിലും കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ റിസർച്ച് അസിസ്റ്റന്‍റായിരുന്നു.
2018 ഡിസംബറിലാണ് സ്കോളർഷിപ് നേടി ഗവേഷണത്തിന് ന്യൂസിലൻഡിൽ എത്തുന്നത്. അഞ്ചു വർഷമായി ഭർത്താവ് പത്തപ്പിരിയം അമ്പാഴത്തിങ്ങൽ മുഹമ്മദ് നൈസാമിനൊപ്പം ന്യൂസിലൻഡിലുണ്ട്. ബേപ്പൂർ അരക്കിണറിലെ ഇല്ലിക്കൽ അഷ്റഫ് -ജമീല ദമ്പതികളുടെ മകളാണ്.
0 Comments