കഴിഞ്ഞ മാസം മുതലാണ് ഗിനിയയിൽ മാർബർഗ് വൈറസിന്റെ വ്യാപനം ആരംഭിച്ചത്. എന്നാൽ കരുതിയിരുന്നതിലും വലിയ തോതിലാണ് വൈറസ് പടരുന്നതെന്ന് അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ച ഒമ്പതു രോഗികളിൽ ഏഴുപേരും മരണപ്പെട്ടു. രണ്ടുപേർ നിലവിൽ ചികിത്സയിലാണ്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇരുപതു കേസുകളിൽ മുഴുവൻ പേരും മരണപ്പെടുകയും ചെയ്തു.
ബാറ്റ, കീ ഇന്റെം തുടങ്ങിയ പ്രദേശങ്ങളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നതാണ് വൈറസ് പ്രതിരോധത്തെ കുഴപ്പിക്കുന്നതെന്ന് ഗിനിയയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മാർബർഗ് രോഗത്തിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിനുകളോ ചികിത്സയോ നിലവിൽ ലഭ്യമല്ല, അതിനാൽ തന്നെ സമ്പർക്കത്തിലേർപ്പെട്ടവരെ ട്രാക്ക് ചെയ്ത് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്- ഓക്സ്ഫഡ് സർവകലാശാലയിലെ വാക്സിനോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസറായ തെരേസ്സ ലാംബെ പറയുന്നു.
അയൽരാജ്യങ്ങളായ ഗാബണിലും കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലും കഴിഞ്ഞ ആഴ്ച്ച മാർബർഗ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും. രോഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോഗം ബാധിക്കും. ഈ സ്രവങ്ങൾ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം.
ഉയർന്ന പനി, അസഹ്യമായ തലവേദന, മസിൽ വേദന, ശരീരവേദന, ഛർദി, അടിവയർ വേദന, ഡയേറിയ എന്നിവയാണ് ലക്ഷണങ്ങൾ. രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകൾ, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണപ്പെടുന്നത്.
മറ്റ് വൈറസ് രോഗങ്ങളിൽ നിന്ന് മാർബർഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാർബർഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നൽകുക.
മറ്റ് വൈറസ് രോഗങ്ങളിൽ നിന്ന് മാർബർഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാർബർഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നൽകുക.
നിലവിൽ മാർബർഗ് വൈറസിന് അംഗീകൃതമായ വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
0 Comments