കാസർകോട്: ബംഗളൂരുവില്‍ നൈജീരിയക്കാരനില്‍ നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ടു വന്ന 300 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നുമായി നുള്ളിപ്പാടി സ്വദേശിയായ മുഹമ്മദ് ഷാനവാസിനെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ നടത്തിയ പരിശോധനയില്‍ ജില്ലയിലേക്ക് ബാംഗ്ലൂരില്‍ നിന്ന് മയക്കു മരുന്ന് മൊത്ത വിതരണം നടത്തുന്ന ദിലീപ്, മുഹമ്മദ് സിറാജ് എന്നിവരെ 100 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു.[www.malabarflash.com]
ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുല്‍ റഹിം, കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍, കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദ്, ജില്ല പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് ടീം എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് വില്പനയ്ക്കായി ജില്ലയിലേക്ക് കൊണ്ടുവന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു.
ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ട പരിശോധനയില്‍ ജില്ലയില്‍ കാസര്‍കോട്, ബേക്കല്‍, കാഞ്ഞങ്ങാട് സബ്ഡിവിഷനുകളില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 300ലേറെ മയക്കു മരുന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നവരും ഉള്‍പ്പെടും. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മയക്കുമരുന്നു മാഫിയക്കെതിരെ പോലീസ് സന്ധിയില്ലാ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു.
ജില്ലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നിയമ നടപടികള്‍ക്ക് ഈ ഡി.വൈ.എസ്.പിമാരെ കൂടാതെ ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍കുമാര്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി മാത്യു എന്നിവരും ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒമാരും നേതൃത്വം നല്കുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ എത്തിക്കുമെന്നും യുവതലമുറയെ ഈ മാരകമായ അവസ്ഥയില്‍ നിന്നും മോചിപ്പിക്കുവാനുള്ള എല്ലാ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും മയക്കുമരുന്നിന്റെ പ്രധാന കണ്ണികളിലേക്ക് നടപടികള്‍ എത്തികൊണ്ടിരിക്കുന്നതായും അതിനായി എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന അറിയിച്ചു.
0 Comments