ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈദ്യുതി ബില്‍ കുടിശ്ശിക ഒടുക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ വൈദ്യുതി വകുപ്പ് സ്വീകരിച്ച നടപടി വിവാദമാകുന്നു. ബില്ലടയ്ക്കാത്ത ഉപഭോക്താക്കളുടെ മോട്ടോര്‍ബൈക്കുകള്‍, കന്നുകാലികള്‍, ട്രാക്ടറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്ന നടപടിയാണ് വൈദ്യുതി വകുപ്പ് നടപ്പിലാക്കിയത്.[www.malabarflash.com]വീട്ടുപകരണങ്ങള്‍ കൊണ്ടുപോകരുതെന്നപേക്ഷിച്ച് പ്രായമേറിയ ഒരു സ്ത്രീ ഒരു വാഹനത്തിന്റെ പിന്നാലെ ഓടുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. രണ്ട് കാരാറുദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
സാഗര്‍ ജില്ലയിലെ രേഖ അഹിര്‍വാറിന്റെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. 19,473 രൂപയാണ് ഇവര്‍ നല്‍കാനുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ രേഖയുടെ ഭര്‍തൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവരാകട്ടെ കുളിക്കുകയുമായിരുന്നു. രേഖ അഹിര്‍വാറിന്റെ പേരില്‍ വരുന്ന ബില്ലുകള്‍ യഥാര്‍ഥത്തില്‍ അവരുടേതല്ലെന്നും അവര്‍ കൃത്യമായി ബില്ലടയ്ക്കാറുണ്ടെന്നും അറിയിക്കുകയും വീട്ടുസാമാനങ്ങള്‍ കൊണ്ടുപോകരുതെന്ന് അപേക്ഷിക്കുകയും ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുകയും അവര്‍ പിന്നാലെ ഓടുകയും ചെയ്തതായും കുളി കഴിഞ്ഞ് നേരാംവണ്ണം വസ്ത്രം ധരിക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
വീഡിയോ പ്രചരിച്ചതോടെ വിഷയം ശ്രദ്ധയില്‍പ്പെട്ട ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
0 Comments