നിലമ്പൂർ: ഉപഭോക്താക്കൾ റദ്ദാക്കാൻ സമർപ്പിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മുൻ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. നിലമ്പൂര്‍ സ്വദേശി ദലീല് പറമ്പാട്ട് എന്ന ദലീൽ റോഷനെയാണ് (30) വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഇടപാടുകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തുവന്നിരുന്ന ഇയാളുടെ തട്ടിപ്പിൽ അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം നിരവധി പേർക്കാണ് പണം നഷ്ടമായത്.
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ബാങ്കിലെത്തുന്നവരുടെ കാര്‍ഡ്, ഫോൺ നമ്പർ, ലോഗിന്‍ ഐ.ഡി, പാസ്വേഡ്, ഇ-മെയില്‍ ഐ.ഡി, ഒ.ടി.പി എന്നിവ കൈക്കലാക്കിയ ശേഷം സ്വന്തം അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് ദലീൽ തട്ടിപ്പ് നടത്തിയത്. ചിലരുടെ ക്രെഡിറ്റ് കാർഡുകൾ വഴി ലോൺ തരപ്പെടുത്തി ആ തുകയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. വ്യാജ ഇ-മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ചേര്‍ത്താണ് ഉപഭോക്താവിന് സ്റ്റേറ്റ്മെന്റും മെസേജുകളും വരുന്നത് പ്രതി തടഞ്ഞത്.
മഞ്ചേരി ആശുപത്രിയിലെ ജീവനക്കാരിയായ വഴിക്കടവ് സ്വദേശിനിയുടെ 1,20,000 രൂപ തട്ടിയെടുത്തെന്ന കേസിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത സമയത്ത് നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതലായി തട്ടിപ്പിനിരയാക്കിയത്. വണ്ടൂരിലെ അംഗൻവാടി അധ്യാപികയുടെ 62,400 രൂപ, പൂക്കോട്ടുംപാടത്തെ കെ.എസ്.ഇ.ബി ജീവനക്കാരന്റെ 1,20,000 രൂപ, വണ്ടൂർ വിദ്യാഭാസ ജില്ലയിലെ വിദ്യാലയത്തിലെ അഞ്ച് അധ്യാപകരുടെ 15 ലക്ഷം രൂപ എന്നിവ തട്ടിയെടുത്തത് ദലീലാണെന്ന് പോലീസ് പറഞ്ഞു.
പരാതിയെ തുടര്‍ന്ന് ഇയാളെ 2022 അവസാനത്തോടെ ബാങ്കില്‍നിന്ന് പിരിച്ചുവിട്ടിരുന്നെങ്കിലും അക്കാര്യം മറച്ചുവെച്ച് വീണ്ടും തട്ടിപ്പ് നടത്തിവരികയായിരുന്നു. പ്രതി അറസ്റ്റിലായതറിഞ്ഞ് കൂടുതൽ പേര് പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു.
കർണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ വ്യാജ വിലാസത്തില്‍ ഒളിവിൽ താമസിച്ച് പുതിയ പാസ്പോർട്ട് കൈക്കലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
ജില്ല പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ ഒ.കെ. വേണു, എ.എസ്.ഐ കെ. മനോജ്, പൊലീസുകാരായ ഇ.ജി. പ്രദീപ്, എസ്. പ്രശാന്ത്കുമാര്‍, വിനീഷ് മാന്തൊടി എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.
0 Comments