NEWS UPDATE

6/recent/ticker-posts

ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ല; കേരളത്തിലും സർക്കാരുണ്ടാക്കും: മോദി

ന്യൂഡൽഹി: ബിജെപി കേരളത്തിലും ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയയിലും നാഗാലാൻഡിലും ബിജെപി സർക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കൻ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്. അടുത്തിടെ ഞാൻ വടക്കുകിഴക്കൻ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ ഒരാൾ എന്നെ അർധ സെഞ്ചറിക്ക് അഭിനന്ദിച്ചു. കാര്യമന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഞാൻ 50 തവണ ഈ പ്രദേശങ്ങൾ സന്ദർശിച്ചുവെന്ന്.’– മോദി പറഞ്ഞു.

‘സ്ത്രീ ശാക്തീകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മുൻനിര പദ്ധതികളിലൂടെ വടക്കുകിഴക്കൻ മേഖലയില്‍ ഞങ്ങളത് ഉറപ്പാക്കി. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. ഒപ്പം മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നു. വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തനം അത്ര എളുപ്പമല്ല, അതിനാൽ അവർക്ക് പ്രത്യേക നന്ദിയും പറയുന്നു.’– പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ആദരം അർപ്പിക്കാനായി പ്രവർത്തകരോട് മൊബൈൽ ഫ്ളാഷ് ലൈറ്റുകൾ ഓൺ ആക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

Post a Comment

0 Comments