NEWS UPDATE

6/recent/ticker-posts

വാഫി കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന് സാദിഖ് അലി തങ്ങളുടെ ആഹ്വാനം; ബഹിഷ്കരിക്കണമെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്

മലപ്പുറം: സിഐസി വിഷയത്തില്‍ സമസ്തയും പാണക്കാട് കുടുംബവും തുറന്ന പോരിലേക്ക്. വാഫി കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖ് അലി തങ്ങളുടെ ആഹ്വാനത്തിനെതിരെ സമസ്ത നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിഐസിയുടെ കോഴ്സുകള്‍ ബഹിഷ്കരിക്കണമെന്ന് എസ് വൈ എസ് വർക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.[www.malabarflash.com]

വാഫി-വഫിയ്യ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന നടപടികള്‍ തുടങ്ങിയതായി അറിയിച്ചു കൊണ്ട് ആദ്യ വീഡിയോ പുറത്തിറക്കിയത് സിഐസി പ്രസിഡന്റായ സാദിഖ് അലി ശിഹാബ് തങ്ങളാണ്. തൊട്ടു പിന്നാലെ പാണക്കാട് കുടുംബത്തിലെ മറ്റംഗങ്ങളും വാഫി കോഴ്സിലേക്ക് വിദ്യാർഥികളെ ചേർക്കണമെന്ന അഭ്യർഥനയുമായി മുന്നോട്ടു വന്നു. ഇതോടെയാണ് ബഹിഷ്ക്കരണ ആഹ്വാനങ്ങളുമായി സമസ്ത യുവജന സംഘടനകളായ എസ് വൈ എസും, എസ്കെഎസ്എസ്എഫും രംഗത്തെത്തിയത്.

'സമസ്തയെ അനുസരിക്കാത്ത വിദ്യാഭ്യാസം നമുക്ക് വേണോ'? എന്ന തലക്കെട്ടില്‍ എസ് വൈ എസ് വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു. സമന്വയ വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോഴേക്ക് ചാടി വീഴരുതെന്നും സമസ്തയെ പരസ്യമായി വെല്ലുവിളിക്കുന്നവർ നമുക്ക് വേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. 

വാഫി-വഫിയ്യ സംവിധാനം സമസ്ത അംഗീകരിച്ചതല്ലെന്നും സംഘടനാ പ്രവർത്തകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും പറയുന്ന കത്ത് എസ്കെഎസ്എസ്എഫ് മലപ്പുറം വെസ്റ്റും കോഴിക്കോട് ജില്ലാ കമ്മറ്റികളും കീഴ്ഘടകങ്ങള്‍ക്ക് നൽകി. അതേസമയം സമസ്തയുടെ ഈ നീക്കത്തോട് ഇതുവരെയും സിഐസി ഔദ്യോഗികമായോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments