NEWS UPDATE

6/recent/ticker-posts

20 അടിയിലേറെ താഴ്ച; കിണറ്റിൽ മുങ്ങിത്താഴ്ന്ന കുഞ്ഞനുജന് രക്ഷകയായി 8 വയസ്സുകാരി

മാവേലിക്കര: കിണറ്റിൽ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് നെഞ്ചോടു ചേർത്ത് എട്ടു വയസ്സുകാരി രക്ഷിച്ചു. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അതിസാഹസികമായി അനുജൻ ഇവാന്റെ (അക്കു) പ്രാണൻ കാത്തത്.[www.malabarflash.com]


കഴിഞ്ഞ ദിവസം  വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാതാവ് ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയിൽ നിന്നു വസ്ത്രങ്ങൾ എടുക്കുന്നതിനിടെ കണ്ണു വെട്ടിച്ചാണ് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി, ഇരുമ്പുമറയുള്ള കിണറിനു മുകളിൽ കയറിയത്. തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കിണറ്റിലേക്ക് കുട്ടി വീണു. കിണറിന് 20 അടിയിലേറെ താഴ്ചയുണ്ട്.

ശബ്ദം കേട്ട് ഓടിയെത്തിയ ദിയ കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെ കണ്ടു. പിന്നെയൊന്നും ചിന്തിച്ചില്ല. കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി ഇവാനെ പിടിച്ചുയർത്തി മാറോടു ചേർത്തു. മറ്റേ കൈകൊണ്ടു പൈപ്പിൽ പിടിച്ചു കിടന്നു. ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരായ അഖിൽ ചന്ദ്രൻ, ബിനോയി, അതിഥിത്തൊഴിലാളി മുന്ന എന്നിവരുടെ നേതൃത്വത്തിൽ രണ്ടു കുട്ടികളെയും കിണറ്റിൽ നിന്നു പുറത്തെടുത്തു.

തലയിൽ ചെറിയ മുറിവേറ്റ ഇവാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശങ്ക വേണ്ടെന്നു ഡോക്ടർമാർ വ്യക്തമാക്കി. ദിയയ്ക്കു പരുക്കില്ല. 

ഇവാന്റെ പിതാവ് ആലപ്പുഴ സ്വദേശി സനൽ എരുമേലിയിലെ ജോലി സ്ഥലത്തായിരുന്നു. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദിയ.

Post a Comment

0 Comments