NEWS UPDATE

6/recent/ticker-posts

2.20 കോടി രൂപ നൽകി airkerala.com ഡൊമൈൻ സ്വന്തമാക്കി മലയാളി; സർക്കാർ ആവശ്യപ്പെട്ടാൽ നൽകും


ദുബൈ: കേരള സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന എയർകേരള വിമാന സർവീസിന്‍റെ പേരിലുള്ള ഡൊമൈൻ സ്വന്തമാക്കി മലയാളി വ്യവ്യസായി അഫി അഹ്​മദ്​. airkerala.com എന്ന ഡൊമൈനാണ്​ അഫി സ്വന്തമാക്കിയത്​. 10 ലക്ഷം ദിർഹമിനാണ്​ (2.20 കോടി രൂപ) ഡൊമൈൻ വാങ്ങിയത്​.[www.malabarflash.com]

സർക്കാർ ആവശ്യപ്പെട്ടാൽ ഇത്​ നൽകാൻ തയാറാണെന്നും അല്ലാത്തപക്ഷം സ്വന്തം നിലയിൽ വിമാനം ചാർട്ട്​ ചെയ്യുന്നതിനെ കുറിച്ച്​ ആലോചിക്കുമെന്നും യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസിയായ സ്മാർട്ട്​ ട്രാവൽസ്​ എം.ഡിയും സ്ഥാപകനുമായ അഫി അഹ്​മദ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എയർ കേരള എന്നത്​ കേരളത്തിന്‍റെ സ്വപ്നപദ്ധതിയാണ്​. ഇത്​ നടപ്പാക്കണമെന്നതാണ്​ തന്‍റെ ആഗ്രഹം. അതിന്​ വേണ്ടി ഏത്​ വിധത്തിലും സഹകരിക്കാൻ തയാറാണ്​. സർക്കാർ നടപ്പാക്കുകയാണെങ്കിൽ അതിന്​ എല്ലാവിധ പിന്തുണയും നൽകും. എയർകേരള എന്ന പേരിൽ വിമാനസർവീസ്​ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്​തികളുണ്ടെങ്കിൽ അവർക്കും തന്നെ സമീപിക്കാം. സ്വന്തം നിലയിൽ വിമാന സർവീസ്​ തുടങ്ങുന്നതിനെ കുറിച്ച്​ ആലോചിച്ചുകൊണ്ടിരിക്കുകയാണ്​. കോവിഡ്​ കാലത്ത്​ സ്വന്തമായി വിമാനം ചാർട്ടർ​ ചെയ്തിരുന്നു. ഈ മാതൃകയിൽ ഇനിയും ചാർട്ടർ​ ചെയ്യണമെന്നാണ്​ ആഗ്രഹം. ഇത്​ വിമാന നിരക്ക്​ കുറക്കാൻ ഇടയാക്കും.

സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ പ്രമുഖരായ വ്യവസായികളുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായ വിമാനക്കമ്പനി എന്നതാണ് തന്‍റെ മനസ്സിലെ ആശയം. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി തയ്യാറാക്കുവാൻ അന്തർദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.എ.യിലെ പ്രമുഖ വിമാനത്താവളങ്ങൾ ഉപയോഗിച്ച്​ ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു വലിയ ഉദ്യമത്തിന് മുതിരുന്നത്​.

ആഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന മുന്‍കാലങ്ങളിലെ തീരുമാനം അധികൃതര്‍ മാറ്റിയിട്ടുണ്ട്​. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്‌ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് പ്രവാസികളുടെ ചിരകാലാഭിലാശമായ വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍കൈ എടുക്കാവുന്നതാണ്. 

യു.എ.ഇയിലെ ഏറ്റവും വലിയ തുകക്കാണ്​ ഡൊമൈൻ വാങ്ങിയത്​. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘1971’ എന്ന ഇൻവെസ്റ്റ്മെന്‍റ്​ കമ്പനിയുടെ കീഴിലെ ‘എക്സിക്യൂട്ടീവ് ബാച്ചിലേർസ് ഡോട്ട് കോം’ എന്ന ഡൊമൈൻ സെല്ലിങ് പോർട്ടലാണ് എയർ കേരള ഡോട്ട് കോം സ്മാർട്ട് ട്രാവൽസിന്‍റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം രജിസ്റ്റർ ചെയ്തിരുന്നതെന്നും അഫി കൂട്ടിചേർത്തു.

യു.എ.ഇയിലെ പ്രമുഖ ഇൻവെസ്റ്റ്മെന്‍റ്​ അഡ്വൈസറായ സക്കറിയ മുഹമ്മദാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ആദ്യമായി വഴിമരുന്നിട്ടതെന്ന്​ ‘1971’ സ്ഥാപകൻ സത്താർ അൽ കരൻ അറിയിച്ചു. 23 വർഷങ്ങൾ കാത്തിരുന്നുവെങ്കിലും ആ പേരിന് അർഹനായ ഒരാൾ സമീപിച്ചപ്പോൾ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് ട്രാവൽസ് ജനറൽ മാനേജർ സഫീർ മഹമൂദ്, 1971 പാർട്ണർ മുഹമ്മദ് അൽ അലി, എക്സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടർ ശ്രീശൻ മേനോൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

Post a Comment

0 Comments