പാലക്കാട്: സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചുള്ള പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുമ്പോൾ നടത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ നിര്‍ദേശമിറങ്ങി. തിരുവനന്തപുരം -കണ്ണൂര്‍ സര്‍വിസാണ് നിലവിൽ പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ സര്‍വിസ് ആരംഭിക്കും.[www.malabarflash.com]
25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകളുടെ ഉയരവും വർധിപ്പിക്കണം. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.
എന്നാൽ, ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന്റെയോ ദക്ഷിണ റെയിൽവേയുടെയോ അറിയിപ്പ് വന്നിട്ടില്ലെന്ന് പാലക്കാട് ഡിവിഷൻ അറിയിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനഭാഗമായി ട്രാക്ക്, സിഗ്നൽ, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി അടുത്ത രണ്ടാഴ്ചകളിലായി നടത്തുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ പെരമ്പൂരിൽ മാത്രമാണ് വന്ദേഭാരത് കോച്ചുകൾ നിർമിക്കുന്നത്.
ഐ.സി.എഫിൽ എട്ട് കോച്ചുകൾ അടങ്ങിയ മൂന്ന് റേക്കുകൾ തയാറായിട്ടുണ്ട്. എല്ലാമാസവും നാലോ അഞ്ചോ റേക്കുകൾ തയാറാക്കാനുള്ള ജോലിയാണ് നടക്കുന്നതെന്നും ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. മണിക്കൂറിൽ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗം. എന്നാൽ, കേരളത്തിലെ സാഹചര്യത്തിൽ വേഗം എത്രയായിരിക്കും എന്ന് വ്യക്തമല്ല.
0 Comments