തുടക്കത്തിൽ ഒപ്പം താമസിച്ചിരുന്ന മുസ്‌ലിം സഹോദരങ്ങളാണ് പ്രചോദനമായത്. ഒരേ റൂമിൽ അഞ്ചും ആറും ആളുകൾ വിവിധ രാജ്യക്കാരും വ്യത്യസ്ത മതവിശ്വാസധാരകളുമുള്ളവരായി പരസ്പര സ്നേഹത്തോടെ സഹോദരങ്ങളെപ്പോലെ ജീവിച്ചപ്പോൾ നോമ്പ് ഒരു ആഘോഷം തന്നെയായിരുന്നു. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങളൊക്കെ അലട്ടുന്നുണ്ടെങ്കിലും പ്രസരിപ്പോടെ റമസാനിലെ നോമ്പെടുക്കുന്നതിന് അതൊന്നും തടസ്സമാകാറില്ല.
1984 മാർച്ചിൽ കാഞ്ഞങ്ങാട്ട് നിന്ന് അന്നത്തെ ബോംബേയ്ക്കു വണ്ടി കയറുമ്പോൾ എന്തെങ്കിലുമൊരു ജോലി കണ്ടെത്തുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോംബെയിൽ ചെറിയജോലികളൊക്കെ ചെയ്തു വരുന്നതിനിടയിൽ വളരെ പെട്ടെന്നാണ് സൗദിയിലേക്ക് വീസ തരപ്പെടുന്നത്. അങ്ങനെ 1984 മാർച്ച് അവസാനത്തിൽ സൗദി അറേബ്യ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ എന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ പ്രദേശത്തെത്തി.
തുടക്കത്തിൽ തുച്ഛമായ ശമ്പളത്തിന് അർബാബിന്റെ പലചരക്ക് കടകളിലും ചെരുപ്പ് കടകളിലും ജോലി ചെയ്തു. ഇപ്പോൾ സ്പോൺസറുമായി ചേർന്ന് അൽ ഹസയിലെ ഖാലിദിയ നഗരത്തിൽ ചെരുപ്പു കട നടത്തുന്നു. മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും അൽഹസ ഒഐസിസിയടക്കമുള്ള സംഘടനകളിലും സജീവമാണ്. ഒപ്പമുള്ള ഭാര്യ പുഷ്പലത, നാട്ടിലുള്ള മകൾ ഡോ. ശ്രീലത, മരുകമൻ ഡോ. അക്ഷയ്, മകൻ ജിതേഷ് എന്നിവരടങ്ങിയ കുടുബം ദിവാകരന്റെ റമസാൻ വ്രതാനുഷ്ഠാനത്തിന് പിന്തുണ നൽകുന്നുണ്ട്. മക്കൾ സ്കൂൾ വിദ്യാഭ്യാസം നേടി വളർന്നത് അൽഹസയിൽ ആയിരുന്നതിനാൽ അവരും റമസാൻ നാളുകളുടെ വിശേഷതയും ആഘോഷങ്ങളും തിരിച്ചറിയുന്നു.
പ്രവാസത്തിൽ നല്ലത് മാത്രമേ ഈ പുണ്യഭൂമിയെക്കുറിച്ചും ഇവിടുത്തെ പൗരന്മാരെക്കുറിച്ചും ദിവാകരേട്ടനു പറയാനുള്ളു. അന്നം തരുന്ന ഈ രാജ്യത്തിന്റെ ഭരണ കർത്താക്കളോടും ജനങ്ങളോടുമുള്ള സ്നേഹവും നന്ദിയും തനിക്കും കുടുംബത്തിനുമെന്നുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ഒരു പാട് നല്ല കാര്യങ്ങൾ പറയാനുണ്ട്. തൊഴിൽ തേടി വരുന്നവരെ ഒട്ടും നിരാശരാക്കാതെ ഇരും കയ്യും നീട്ടി സ്വീകരിച്ച് തങ്ങളുടെ സഹോദരങ്ങളെപ്പോലെ സ്നേഹം തരുന്ന സ്വദേശി പൗരന്മാരിൽ ഒരു വലിയ സൗഹൃദവലയം തന്നെ ദിവാകരനുണ്ട്. അറബി നന്നായി സംസാരിക്കുന്ന ദിവാകരൻ ആരെ കണ്ടാലും ‘അസലാമു അലൈക്കും’ പറഞ്ഞ് പരിചയപ്പെടുന്നു. കഴിയുന്നത്ര കാലത്തോളം നോമ്പെടുക്കാൻ തന്നെയാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
(കടപ്പാട്: മനോരമ ഓൺലൈൻ )
0 Comments