തൃശൂർ: ചേർപ്പിലെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതിയായ രാഹുൽ അറസ്റ്റിൽ. മുംബൈയിൽ വെച്ച് ആണ് ഇയാൾ അറസ്റ്റിലായത്. ഗൾഫിൽ നിന്ന് മുംബൈയിലെത്തിയ രാഹുലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലിനെ തിങ്കളാഴ്ച തൃശൂരിലെത്തിക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.[www.malabarflash.com]
നേരത്തെ കേസിൽ ചിറക്കൽ സ്വദേശി അനസ് എന്നയാൾ പിടിയിലായിരുന്നു. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അനസിനെ പിടിയിലായത്. കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള അനസ് നെടുമ്പാശ്ശേരിയിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം എയർപോർട്ടിലെത്തി പിടികൂടുകയായിരുന്നു.
കേസിൽ നേരിട്ട് ഉൾപ്പെട്ട ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെ ഉത്തരാഖണ്ഡിൽ നിന്നും നേരത്തെ പിടികൂടിയിരുന്നു. ചേർപ്പ് ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത്, വിഷ്ണു, ഡിനോൺ അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവർ ഇനി പിടിയിലാകാനുണ്ട്. പ്രതികൾക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് തിരുവാണിക്കാവ് ക്ഷേത്രപരിസരത്ത് വെച്ച് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൻറെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മർദ്ദനത്തിൽ ആന്തരീകാവയവങ്ങൾ തകർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയവെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീൻ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
0 Comments