NEWS UPDATE

6/recent/ticker-posts

രാഹുലിന് പിന്നാലെ മറ്റൊരു എം.പിയ്ക്കും സ്ഥാനം നഷ്ടമാകും; അയോഗ്യത കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ

ഗാസിപുര്‍: ബി.ജെ.പി. നിയമസഭാംഗമായിരുന്ന കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബഹുജന്‍ സമാജ്പാര്‍ട്ടിയുടെ ലോക്സഭാംഗം അഫ്‌സല്‍ അന്‍സാരിക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ എംപി-എംഎല്‍എ കോടതി.[www.malabarflash.com]


ഗാസിപുര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യാണ് അഫ്‌സല്‍ അന്‍സാരി. ഇതേകേസില്‍ അഫ്‌സലിന്റെ സഹോദരനും ഗുണ്ടാ-രാഷ്ട്രീയ നേതാവുമായ മുഖ്താര്‍ അന്‍സാരിക്ക് പത്തുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. മറ്റൊരു കേസില്‍ ബന്ദാ ജയിലിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്.

കോടതി ശിക്ഷ വിധിച്ചതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു പിന്നാലെ അന്‍സാരിയുടെയും എം.പി. സ്ഥാനം നഷ്ടമാകുമെന്നുറപ്പായി. ജനപ്രാതിനിധ്യ നിയമമനുസരിച്ച്, ഏതെങ്കിലും സഭാംഗം കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യനാക്കപ്പെടും. ഇതേ ചട്ടമനുസരിച്ചാണ് മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമായത്.

തടവുശിക്ഷയ്ക്ക്‌ പുറമേ മുഖ്താര്‍ അന്‍സാരിക്ക് അഞ്ചുലക്ഷം രൂപയും സഹോദരന് ഒരു ലക്ഷം രൂപയും കോടതി പിഴചുമത്തിയിട്ടുണ്ട്. മൗസദാര്‍ നിയമസഭാമണ്ഡലത്തില്‍നിന്ന് അഞ്ചുതവണ എം.എല്‍.എയായ ആളാണ് മുഖ്താര്‍ അന്‍സാരി.

നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘവാഴ്ചയ്ക്ക് ഇതോടെ അന്ത്യംകുറിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലപ്പെട്ട കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അല്‍ക റായി പ്രതികരിച്ചു.

Post a Comment

0 Comments