NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും

ബേക്കൽ: പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചു. പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി.ഗഫൂർ ഹാജി (55)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും സംശയമുന്നയിച്ച് രംഗത്തുവന്നത്. 


ഇദ്ദേഹത്തിന്റെ മകൻ അഹമ്മദ് മുസമ്മിലാണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചതെന്ന് ബേക്കൽ ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കാഞ്ഞങ്ങാട് ആർ.ഡി.ഒ.യ്ക്ക് അപേക്ഷ നൽകുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു.

ഏപ്രിൽ 14-ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ സാധാരണ മരണമെന്ന് കരുതി മയ്യത്ത് ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഗഫൂര്‍ ഹാജി സൂക്ഷിച്ചിരുന്ന മക്കളുടെയും മരുമക്കളുടെയും ബന്ധുക്കളുടെയും അടക്ക് 600 ലധികം പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മരണത്തില്‍ സംശയം ഉടലെടുത്തത്.

ഗഫൂർ ഹാജിയുടെ മരണത്തിൽ ദുരൂഹത നില നിൽക്കുന്ന സാഹചര്യത്തിൽ, അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നും യാഥാർത്യം പുറത്ത് കൊണ്ട് വരണമെന്നും തിങ്കളാഴ്ച ചേർന്ന പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെയും മറ്റു സംഘടനകളെയും നേതൃത്വത്തിൽ ഒരു ആക്ഷൻ കമ്മിറ്റിക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു.

Post a Comment

0 Comments