ബറേലി: ഗോമൂത്രത്തിലെ ഹാനികരമായ ബാക്റ്റീരിയകളെക്കുറിച്ച് പങ്കുവെച്ച് പുതിയ പഠനം. ഗോമൂത്രത്തിൽ ആരോഗ്യത്തിന് ദോഷകരമായ ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതു നേരിട്ടു കുടിക്കുക വഴി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നുമാണ് പഠനം. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്(ICAR-Indian Veterinary Research Institute - IVRI) പഠനം സംഘടിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]
ഐ.വി.ആർ.ഐയിലെ എപിഡെമിയോളജി വിഭാഗം മേധാവിയായ ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാർഥികളുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. ആരോഗ്യമുള്ള പശുക്കളിൽനിന്നും കാളകളിൽ നിന്നുമുള്ള മൂത്രത്തിന്റെ സാമ്പിളുകൾ ശേഖരിച്ചപ്പോഴാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ-കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് മൂത്രത്തിൽ കണ്ടെത്തിയത്.
മനുഷ്യന്റെയും എരുമയുടെയും മൂത്രവും പഠനത്തിനായി നിരീക്ഷിച്ചിരുന്നു. ചിലതരം ബാക്റ്റീരിയകൾക്കെതിരെ എരുമയുടെ മൂത്രം ഫലപ്രദമാണെന്നും ആരോഗ്യവാന്മാരായ വ്യക്തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്റ്റീരിയകൾ കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു. ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച്ഗേറ്റിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിവാൾ, തർപാർകർ, വിന്ദാവനി എന്നീ മൂന്ന് വിഭാഗം പശുക്കളിൽ നിന്നുള്ള മൂത്ര സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. 2022 ജൂൺ മൂതൽ നവംബർ വരെയുള്ള കാലയളവിലാണ് ഗവേഷണം നടത്തിയത്.
ഗോമൂത്രം ആന്റിബാക്റ്റീരിയൽ ആണെന്ന ധാരണയെ തിരുത്തുന്നതാണ് പുതിയ പഠനം. ഒരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യന് നിർദേശിക്കാവുന്നതല്ലെന്ന് ഭോജ് രാജ് സിംഗ് പറഞ്ഞു. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ഹാനികരമായ ബാക്റ്റീരിയകൾ ഇല്ലെന്ന് ചിലർ പറയാറുണ്ട്. അക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പഠനത്തെ ചോദ്യംചെയ്ത് ഐ.വി.ആർ.ഐ.യുടെ മുൻ ഡയറക്ടർ ആർ.എസ്. ചൗഹാൻ രംഗത്തെത്തി. 25 വർഷത്തോളമായി ഗോമൂത്രത്തിൽ ഗവേഷണം നടത്തുകയാണ് താനെന്നും ശുദ്ധീകരിച്ച ഗോമൂത്രം മനുഷ്യന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും കാൻസറിനെയും കോവിഡിനെയും പ്രതിരോധിക്കുകയും ചെയ്യുമെന്നും ചൗഹാൻ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിക്കാതെ ഇന്ത്യൻ വിപണിയിൽ സജീവമായി വിറ്റഴിക്കപ്പെടുന്ന വസ്തുക്കളിലൊന്നാണ് ഗോമൂത്രം.
0 Comments