തൃശ്ശൂർ: കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 2019 നവംബർ 18 നാണ് കൈപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചത്.[www.malabarflash.com]
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. രാജേഷിന്റെ സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
സലീഷിന്റെ മൊബൈൽ പുഴയിൽ വീണതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. രാജേഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
ഇരുവരും സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന സലീഷിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി തവണ ചോദ്യം ചെയ്തെങ്കിലും സലീഷ് കുറ്റം സമ്മതിച്ചിരുന്നില്ല.
സലീഷിന്റെ ഫോൺ കോളുകളടക്കം ശേഖരിച്ചതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
0 Comments