കോഴിക്കോട്: 'യത്തിംഖാനയില്‍ ആ കുട്ടികളോടൊപ്പം സമയം ചെലവിടാന്‍ വലിയ ഇഷ്ടമായിരുന്നു. എല്ലാ റംസാന്‍ കാലത്തും അവരോടൊപ്പം നോമ്പു തുറക്കാന്‍ പോവുക പതിവാണ്. ഞായറാഴ്ച അങ്ങനെ പോയതാണ്. തിരിച്ചു വരുമ്പോഴായിരുന്നു..' കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ വാക്കുകള്‍ മുറിഞ്ഞ് നൗഫല്‍ കണ്ണ് തുടയ്ക്കുന്നു. എലത്തൂരില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നൗഫീക്കിന്റെ ഇരട്ട സഹോദരനാണ് നൗഫല്‍.[www.malabarflash.com]
ഒന്നിച്ചാണ് കളിച്ചുവളര്‍ന്നത്. നൗഫീക്ക് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല നൗഫലിന്. പട്ടാനൂര്‍ കൊടോളിപ്പുറം നൗഫീക്കിന് ഉണക്കമീന്‍ കച്ചവടമായിരുന്നു. എല്ലാ വര്‍ഷവും മലപ്പുറം ആക്കോട് യത്തിംഖാനയിലെ കുട്ടികള്‍ക്കൊപ്പം നോമ്പ് തുറക്കാന്‍ പോവാറുണ്ട്. മലപ്പുറത്ത് പോവുകയാണെന്ന് നൗഫീക്ക് വിളിച്ച് പറഞ്ഞിരുന്നു. രാത്രി തിരിച്ചെത്തി കാണുമെന്ന് കരുതി.
പോലീസ് അപകടം അറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ മറ്റൊരു സഹോദരന്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ഉടനെ ഇങ്ങോട്ടുപോന്നു. നൗഫീക്ക് രക്ഷപ്പെടാന്‍ ചാടിയതായിരിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും നൗഫല്‍ പറയുന്നു.
ബെഗളൂരുവിലെ കോളേജിലാണ് നൗഫല്‍ ജോലി ചെയ്യുന്നത്. കഷ്ടപ്പാട് കാരണം നൗഫീക്ക് പത്തില്‍ പഠനം നിര്‍ത്തി. 'രണ്ടാളും ഒരു പോലാവേണ്ട. നീ പഠിച്ചോ'- എന്നു പറഞ്ഞതും നൗഫീക്കാണ്. പഠിക്കാന്‍ പണം തന്ന് സഹായിക്കുമായിരുന്നു. ഉമ്മ ഏറെക്കാലം വയ്യാതെ കിടന്നപ്പോള്‍ പരിചരിച്ചിരുന്നതും നൗഫീക്കായിരുന്നു. മാതാപിതാക്കളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ഇളയവരാണ് ഈ ഇരട്ടകള്‍.
0 Comments