ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭീംബര്‍ ഗലി പ്രദേശത്തിന് സമീപം അക്രമികള്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.[www.malabarflash.com]
പ്രദേശത്തെ കനത്ത മഴ മുതലെടുത്താണ് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് സൈനിക ആസ്ഥാനമായ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഗ്രനേഡാക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്.
വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ടുവെന്നും തന്റെ ചിന്തകള്‍ അവരുടെ കുടുംബങ്ങളോടൊപ്പമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞയാഴ്ച കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
0 Comments