ഗിന്നസ് ലോകറെക്കോര്‍ഡിനെ കുറിച്ച് കേള്‍ക്കാത്തവരും അറിയാത്തവരും കാണില്ല. വ്യത്യസ്തമായ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരെ തേടിയെത്തുന്ന ലോകത്തിലെ തന്നെ വലിയൊരു അംഗീകാരമയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കണക്കാക്കപ്പെടുന്നത്.[www.malabarflash.com]
ഇപ്പോഴിതാ ഒരു നാല് വയസുകാരനെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എത്തിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധേയകമാകുന്നത്. നാലാം വയസില്‍ സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് യുഎഇ സ്വദേശിയായ സഈദ് റാഷിദ് അല്‍മെഹരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിട്ടിയിരിക്കുന്നത്.
നാല് വയസുകാരൻ ഒരു പുസ്തകം രചിക്കുകയോ എന്ന് ആരിലും അത്ഭുതമുണ്ടാകാം. എട്ട് വയസുള്ള തന്‍റെ സഹോദരിയുടെ സഹായത്താലാണ് കുഞ്ഞ് സഈദ് പുസ്തകം രചിച്ചിരിക്കുന്നത്. സഹോദരിയുടെ പേരില്‍ നേരത്തെ തന്നെ റെക്കോര്‍ഡുണ്ട്. പുസ്തകം പുറത്തിറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന പേരിലാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. എട്ടാം വയസില്‍ സംരംഭക എന്ന നിലയിലും സഈദിന്‍റെ സഹോദരി അല്‍ദാബി ശ്രദ്ധേയായിട്ടുണ്ട്. ഒരു പബ്ലിഷിംഗ് ഹൗസാണ് അല്‍ദാബി മുൻകയ്യെടുത്ത് നടത്തുന്നത്.
സഈദ് രചിച്ചിരിക്കുന്നത് ഒരു നോവല്‍ പോലുള്ള പുസ്തകമാണ്. ഒരു ആനയും കരടിയുമാണത്രേ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. അടിസ്ഥാനപരമായി ദയ, കരുണ എന്നീ വിഷയങ്ങളെ കുറിച്ചാണ് സഈദിന്‍റെ രചന.
'ആന ഒരു പിക്‍നിക്കിന് പുറപ്പെട്ട് പോവുകയാണ്. ഇതിനിടയില്‍ വച്ച് ആന ഒരു ധ്രുവക്കരടിയെ കാണുന്നു. ഈ കരടി തന്നെ കൊന്നുതിന്നുമെന്ന് ആന ഭയപ്പെടുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുക. ഇരുവരും കൂട്ടുകാരാവുകയാണ് ചെയ്യുന്നത്. ശേഷം ഒരുമിച്ച് പിക്‍നിക് പോകാമെന്ന് ആന പറയുന്നു. അങ്ങനെ അവര്‍ ഒരുമിച്ച് മുന്നോട്ട് പോകുന്നതിനിടെ പലരോടും അവര്‍ സ്നേഹത്തോടും കരുതലോടും കൂടി ഇടപെടുകയാണ്...'- തന്‍റെ പുസ്തകത്തെ പറ്റി കുഞ്ഞ് സഈദ് പറയുന്നു.
സഹോദരിയാണ് തനിക്ക് എല്ലാമെന്നും പുസ്തകരചനയിലേക്ക് തന്നെ കൈ പിടിച്ച് കൊണ്ടുവന്നതും സഹോദരിയാണെന്നും സഈദ പറയുന്നു.
'എനിക്കെന്‍റെ ചേച്ചിയെ ഒരുപാടിഷ്ടമാണ്. ഞങ്ങളെപ്പോഴും ഒരുമിച്ച് കളിക്കും. വായനയും എഴുത്തും പഠനവുമെല്ലാം ഒരുമിച്ചാണ്. ഞാൻ എഴുതുന്നത് തന്നെ അവളുടെ പ്രചോദനത്തിലാണ്. അവള്‍ പുസ്തകമെഴുതിയപ്പോള്‍ എനിക്കും എഴുതണമെന്ന് തോന്നി. അവളതിന് വേണ്ട എല്ലാ സഹായവും എനിക്ക് ചെയ്തുതന്നു...'- പുരസ്കാര സന്തോഷത്തില്‍ സഈദ് പറയുന്നു.
0 Comments