NEWS UPDATE

6/recent/ticker-posts

'ആശംസകള്‍ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക ശ്രദ്ധ വേണം'; ഈദ് ആശംസകളുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍


കോഴിക്കോട്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാളെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]  

വ്രതമനുഷ്ഠിച്ചും സത്കര്‍മങ്ങള്‍ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവര്‍ക്ക് ഉപകാരം ചെയ്തും ധാര്‍മിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ഒപ്പം ഒത്തു ചേര്‍ന്ന് പരസ്പരം സന്തോഷങ്ങള്‍ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങള്‍ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുല്‍ ഫിത്ര്‍. ആശംസകള്‍ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

വിശുദ്ധ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടര്‍ത്തുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളില്‍ പ്രധാനം. മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്ന പ്രവര്‍ത്തികള്‍ എന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകള്‍ക്കും തട്ടിപ്പുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തില്‍ പാലിക്കുകയും വേണം. 

പുതു വസ്ത്രങ്ങള്‍ ധരിച്ച് വിശിഷ്ട വിഭവങ്ങള്‍ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയില്‍ ഈ അനുഗ്രഹങ്ങള്‍ സമ്മാനിച്ച നാഥന് നന്ദിയര്‍പ്പിക്കാനും വിനയാന്വിതരാവാനും നാം ജാഗ്രത പുലര്‍ത്തണം. നോളേജ് സിറ്റിയിലെ ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ആദ്യ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കപ്പെടുന്നു എന്ന സന്തോഷമാണ് ഈ പെരുന്നാളില്‍ എടുത്തു പറയാനുള്ളത്. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും എന്റെയും മര്‍കസിന്റെയും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേരുന്നു, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Post a Comment

0 Comments