കാസർകോട് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ എം രഞ്ജിത്. കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ പ്രസ്താവനയിൽ എം. രഞ്ജിത് ഖേദം പ്രകടിപ്പിച്ചത്.[www.malabarflash.com]
'മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും കാസർകോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.' എം. രഞ്ജിത് എഴുതി.
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്താവന തെറ്റാണെന്ന് തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ തന്റെ കടമയാണ്. വേദനിപ്പിച്ചതിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത് എഴുതി. കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എം. രഞ്ജിത് നടത്തിയ പരാമർശം വിവാദമായത്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ വിലക്കിയ സംഭവം കത്തിനിൽക്കവേയാണ് രഞ്ജിത്തിന്റെ പ്രസ്താവന മലയാള സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
നേരത്തേ എം. രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥ് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ സംവിധായകൻ രതീഷ് പൊതുവാളടക്കം നിരവധി ചലച്ചിത്രപ്രവർത്തകരാണ് എം. രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായെത്തിയത്.
0 Comments