കോഴിക്കോട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയും ഭാര്യ സനിയയെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയിലിറക്കി വിട്ടു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
മുഖം മറച്ച നാല് പേർ ചേർന്നാണ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് സനിയ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 'സംഘത്തിലുള്ള ആരെയും തനിക്ക് മുൻ പരിചയമില്ല. 25 വയസ് പ്രായം തോന്നിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. തട്ടികൊണ്ടുപോയത് എന്തിനാണെന്ന് വ്യക്തമല്ല. മൂന്ന് ദിവസം മുമ്പ് കുറച്ചുപേർ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു.
ഷാഫിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്ന് അറിയില്ല. ശത്രുക്കൾ ഉള്ളതായും അറിയില്ല. ഇതിനു മുമ്പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ല. സംഭവത്തിന് ശേഷം ഷാഫിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും' സാനിയ പറഞ്ഞു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ നടന്ന പിടിവലിയിൽ സനിയക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.
ദുബൈയിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഷാഫിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഷാഫി എവിടെയാണെന്ന വിവരം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. അക്രമികൾ ഉപയോഗിച്ചെന്ന് കരുതുന്ന ചില ആയുധ ഭാഗങ്ങളും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
0 Comments