NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ പ്രവാസിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്


ബേക്കല്‍: പ്രവാസി വ്യവസായിയുടെ ദുരൂഹ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മകന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പളളിക്കര പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ എം.സി അബ്ദുള്‍ ഗഫൂര്‍ ഹാജി (54)യുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മകന്‍ അഹമ്മദ് മുസമ്മില്‍ (26) നല്‍കിയ പരാതിയിലാണ് ബേക്കല്‍ പോലീസ് അന്വേ ഷണമാരംഭിച്ചത്.[www.malabarflash.com]


ഏപ്രില്‍ 14-ന് പുലര്‍ച്ചെ 5 മണിക്കാണ് അബ്ദുള്‍ ഗഫൂര്‍ ഹാജിയെ പൂച്ചക്കാട്  ഫാറൂഖിയ മസ്ജിദിന് സമീപത്തെ വീടായ ബൈത്തുല്‍ റഹ്മയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം ഉച്ചയോടെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വിട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഗഫൂര്‍ ഹാജി തനിച്ചായിരുന്നു. 

വൈകിട്ട് നോമ്പുതുറക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ അത്താഴ സമയത്ത് ആള നക്കം കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂര്‍ ഹാജി വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സാധാരണ മരണമെന്ന്  കരുതി മയ്യത്ത് ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഗഫൂര്‍ ഹാജി സൂക്ഷിച്ചിരുന്ന മക്കളുടെയും മരുമക്കളുടെയും ബന്ധുക്കളുടെയും അടക്ക് 600 ലധികം പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മരണത്തില്‍ സംശയം ഉടലെടുത്തത്.

അതിനിടെ ഉദുമ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനിയായ ജിന്നുമ്മ എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ മന്ത്രവാദിനി യുവതി ഗഫൂര്‍ ഹാജി മരണപ്പെടുന്നത് തൊട്ടടുത്ത ദിവസം ഇവിടെ എത്തിയ വിവരം പുറത്ത് വരുന്നത്. നേരത്തെ നിരവധി പരാതികളുളള ഈ യുവതി ഗഫൂര്‍ ഹാജിയുമായും കുടുംബവുമായി ഏറെ കാലമായി ബന്ധമുണ്ടായിരുന്നു. 

അജാനൂര്‍ മുട്ടുന്തലയിലെ ഒരു ഗള്‍ഫ് വ്യാപാരിയെ നിധിയുടെ പേരില്‍ പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കേസില്‍ 2014 ല്‍ യുവതിയെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ നിന്നും കോടികള്‍ വിലയുളള സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ട സംഭവുമായി മന്ത്രവാദിനിയായ യുവതിക്ക് ബന്ധമുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണം നടന്നതോടെ നാട്ടുകാരെ ഒന്നടങ്കം വെല്ലുവിളിച്ച് യുവതി രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പൂച്ചക്കാടും പരിസര പ്രദേശങ്ങളിലെയും നിരവധി പേരുമായും ബന്ധമുണ്ടെന്നും, തനിക്കെതിരെ തിരിഞ്ഞാല്‍ കടുത്ത വില നല്‍കേണ്ടി വരുമെന്നുമുളള യുവതിയുടെ ഭീഷണി സന്ദേശം വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതിനിടയിലാണ് പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഗഫൂര്‍ ഹാജിയുടെ മകന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്, ബേക്കല്‍ ഡിവൈഎസ്പി, പി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments