ചെന്നൈ: ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേന്ദ്ര വ്യോമഗതാഗതമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവര്‍ സംബന്ധിച്ചു. അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്.[www.malabarflash.com]
ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുതല്‍ക്കൂട്ടാണ് പുതിയ ടെര്‍മിനലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും ടെര്‍മിനലിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നേരത്തെ കുറിച്ചിരുന്നു.
നിലവില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിന്‍റെ നിർമാണച്ചെലവ് 1,260 കോടി രൂപയാണ്. മൂന്ന് കോടി വാര്‍ഷിക പാസഞ്ചര്‍ കപ്പാസിറ്റിയുണ്ട്. നേരത്തെ ഇത് 2.3 കോടിയായിരുന്നു. നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ പാസഞ്ചര്‍ കപ്പാസിറ്റി 3.5 കോടിയായി ഉയരും. ടെര്‍മിനലിന്റെ നവീകരണം പിന്നീട് പൂര്‍ത്തിയാക്കും. 2,437 കോടി രൂപയാണ് മൊത്തം മുതല്‍മുടക്ക്.
2,20,972 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനലില്‍ 100 ചെക്ക്-ഇന്‍ കൗണ്ടറുകള്‍, 17 ലിഫ്റ്റുകള്‍, 17 എസ്‌കലേറ്ററുകള്‍, ആറ് ബാഗേജ് റിക്ലെയിം ബെല്‍റ്റുകള്‍ എന്നിവയുണ്ടെന്ന് ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അനുഭവം ലഭ്യമാകുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
0 Comments