കണ്ണൂര്‍: വൈജ്ഞാനിക ധൈഷണിക മികവുകള്‍ കൊണ്ട് അടയാളപ്പെടുത്തലുകൾ നടത്തി ലോക ശ്രദ്ധ നേടിയ നിരവധി പ്രതിഭകൾ കേരളത്തില്‍ ഉണ്ടായിരിക്കെ പ്രധാന മന്ത്രിയുടെ പരിപാടിയില്‍ സിനിമാ സെലിബ്രറ്റികളെ ഐക്കണുകളായി അവതരിപ്പിച്ചത് പരിഹാസ്യമാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.കെ ഫിര്‍ദൗസ് സുറൈജി സഖാഫി അഭിപ്രായപ്പെട്ടു.[www.malabarflash.com]
ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ധൈഷണിക മികവുകള്‍ കൊണ്ട് ശ്രദ്ധേയരായ വിദ്യാര്‍ത്ഥികളേയും യുവാക്കളേയുമാണ് ഈ നാട് ഈടുവെക്കേണ്ടത്. രാഷ്ട്രീയ ധാരണയുള്ള ഭരണകൂടം പ്രഥമമായി പരിഗണിക്കേണ്ടതും അവതരിപ്പിക്കേണ്ടതും നാടിന്‍റെ ബൗദ്ധിക പ്രതിഭകളെയാണ്. വിദ്യഭ്യാസത്തേയും ചരിത്രത്തേയും ഭയപ്പെടുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ ശൂന്യത കേരളീയ സമൂഹത്തിന് ബോധ്യപ്പെടുന്നുണ്ട്.
ഏതു പുരോഗമന സമൂഹത്തിന്‍റെയും ഉണര്‍വ്വിന്‍റെ അടയാളങ്ങള്‍ സര്‍വ്വകലാശാലകളും കലാലയങ്ങളുമാണ്. വിദ്യഭ്യാസം നേടുന്ന യുവതലമുറയിലാണ് രാഷ്ട്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വിദ്യഭ്യാസ സമ്പ്രദായങ്ങളെ വികലമാക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന സംഹാര രാഷ്ട്രീയം ചരിത്രത്തേയും ഭാവിയേയും റദ്ദുചെയ്യുകയാണ്. ധൈഷണിക മികവുകള്‍ കൊണ്ട് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ന്ന് നിന്ന ഇന്ത്യന്‍ സമൂഹത്തെ വിജ്ഞാന ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യം ഭയപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ചരിത്ര പഠനവും ഗവേഷണങ്ങളും ശാസ്ത്ര സാങ്കേതിക പഠനങ്ങളും ഇന്ത്യയില്‍ കൂടുതൽ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുണ്ട്. വിദ്യാര്‍ത്ഥി തലമുറക്ക് ഏറ്റവും മികച്ച വിദ്യഭ്യാസ അവസരങ്ങളിലേക്ക് വഴി പറഞ്ഞ് കൊടുക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എഫ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി,മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, എൻ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, സി എം സ്വാബിർ സഖാഫി, പി ജാബിർ, യാസീൻ കൊളപ്പുറം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
0 Comments