NEWS UPDATE

6/recent/ticker-posts

പത്ത് മുറികളുള്ള വീട്ടിലെ മകൾ, ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട റുക്കിയ ഉമ്മ അന്ത്യയാത്ര പോയതിങ്ങനെ...

ആലപ്പുഴ: പത്ത് മുറികളുള്ള വീട്ടിലെ മകളായി പിറന്ന് ഒടുവിൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട റുക്കിയ ഉമ്മയുടെ അന്ത്യയാത്രയുടെ ഉള്ളുലക്കുന്ന അനുഭവക്കുറിപ്പുമായി സാമൂഹിക പ്രവർത്തക. കോട്ടയത്തെ സ്നേഹക്കൂട് അഭയ മന്ദിരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിഷയാണ് റുക്കിയ ഉമ്മയുടെ മരണാനന്തര ചടങ്ങുകളുടെ വിഡിയോയും കുറിപ്പും പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.[www.malabarflash.com]

പത്ത് മുറികളുള്ള വീട്ടിൽ പിറന്ന റുക്കിയ ഉമ്മയുടെ കുടുംബത്തിന്റെ പേരിൽ ഒരു റോഡ് പോലുമുണ്ടായിരുന്നെന്നും ഭർത്താവ് മരിക്കും വരെ പൊന്നുപോലെ അദ്ദേഹത്തെ പരിപാലിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, ദൈവം മക്കളെ നൽകിയില്ല. ശരീരം പാതി തളർന്ന അവസ്ഥയിൽ മൂക്കിലൂടെ മാത്രം ഭക്ഷണം നൽകാവുന്ന അവസ്ഥയിൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു ആ വയോധിക. 

ഉമ്മയുടെ അവസാന കുറച്ച് കാലമെങ്കിലും ഒരു മകളായി നോക്കാനും പരിശുദ്ധ റമദാൻ മാസത്തിൽ അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായ അവരുടെ മൃതശരീരം മുസ്‍ലിം ആചാരങ്ങൾക്കനുസരിച്ച് ആലപ്പുഴയിൽ സ്വന്തം നാട്ടിലെ പടിഞ്ഞാറെ ഷാഫി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യാൻ കഴിഞ്ഞതും ഈ ജന്മത്തിൽ ദൈവം തന്ന വലിയ ഒരനുഗ്രഹമായി കരുതുന്നെന്നും അവർ കുറിച്ചു.

റുക്കിയ ഉമ്മക്ക് വേണ്ടി പ്രാർഥിച്ചവർക്കും അവർക്ക് സഹായവുമായി എത്തിയവർക്കും സ്നേഹക്കൂട് കൂട്ടായ്മയുടെ നന്ദി അറിയിച്ച നിഷ, ഉമ്മയുടെ ആത്മാവിന് സ്വർഗത്തിൽ ഇടം കൊടുക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിഷ സ്നേഹക്കൂടിന്റെ പോസ്റ്റ്:

ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാ അത്ത് പള്ളി ഖബർസ്ഥാനിലെ റുക്കിയ ഉമ്മയുടെ അല്ലാഹുവിൻ്റെ അടുത്തേയ്ക്കുള്ള അവസാന യാത്ര ചടങ്ങുകൾ!
പത്ത് മുറികൾ ഉള്ള വീട്ടിലെ ബാപ്പയുടെ മകളായ,
കുടുംബത്തിന്റെ പേരിൽ ഒരു റോഡ് പോലുമുള്ള,
മരണമടയുന്ന കാലം വെരെ ഭർത്താവിനെ പൊന്നുപോലെ പരിപാലിച്ച ദൈവം മക്കളെ നല്കാത്തതിനാൽ ശരീരം പാതി തളർന്ന അവസ്ഥയിൽ മൂക്കിൽ കൂടി മാത്രം ഭക്ഷണം നല്‌കാവുന്ന അവസ്ഥയിൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട റുക്കിയ ഉമ്മയുടെ അവസാന കുറച്ച് കാലമെങ്കിലും ഒരു മകളായി നോക്കുവാനും പരിശുദ്ധ റംസാൻ മാസത്തിൽ അല്ലാഹുവിൻ്റെ അടുക്കലേയ്ക്ക് യാത്രയായ ഉമ്മച്ചിയുടെ ദൗതിക ശരീരം മുസ്ലിം സമുദായ ആചാരങ്ങൾക്കനുസരിച്ച് ഉമ്മയുടെ പള്ളിയായ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജമാ അത്ത് പള്ളിയുടെ ഖബർസ്ഥാനിൽ അടക്കം ചെയ്യുവാൻ കഴിഞ്ഞതും ഈ ജന്മത്തിൽ ദൈവം തന്ന വലിയ ഒരനുഗ്രഹമായി കരുതുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ച പ്രിയപ്പെട്ടവരോടും, ഉമ്മയെ കണ്ടെത്തി സ്നേഹക്കൂട് കുടുംബത്തെ വിശ്വസിച്ച് ഉമ്മയെ സംരക്ഷണത്തിനായി ഏൽപ്പിച്ച ആൾട്ടൈൺ ഹൈം കൂട്ടായ്മയ്ക്കും ഉമ്മയെ ഏറ്റെടുക്കുവാനും, മരണശേഷം അവസാനയാത്ര വെരെ അതിനായി പരിശ്രമിക്കുകയും ചെയ്ത ഡോക്ടർ മുഹമ്മദ് അസ്ലാം സാറിനോടും, ഉമ്മയെ ആചാര വിധി പ്രകാരം അടക്കം ചെയ്യുവാൻ അനുവദിച്ച ഷാഫി പള്ളിയിലെ പള്ളി കമ്മറ്റി അംഗങ്ങളോടും, പുരോഹിതന്മാരോടും, ഉമ്മയെ അവസാനമായി കണ്ട് യാത്ര ചൊല്ലാനെത്തിയ വട്ടപ്പള്ളി നിവാസികളോടും സ്നേഹക്കൂട് കുടുംബത്തിൻ്റെ സ്നേഹവും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
ഉമ്മയുടെ ആത്മാവിന് സ്വർഗ്ഗത്തിൽ ഇടം കൊടുക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു.


Post a Comment

0 Comments