NEWS UPDATE

6/recent/ticker-posts

വിദ്വേഷ പ്രസംഗങ്ങളിൽ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് സുപ്രീം കോടതി, ഇല്ലെങ്കിൽ കോടതിയലക്ഷ്യം

ന്യൂഡൽഹി: ഏറെ നിർണായകമായ വിധിയിൽ, വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പരാതിയില്ലാതെ തന്നെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി.[www.malabarflash.com]


തീവ്ര ഹിന്ദുത്വ വാദികൾ സംഘടിപ്പിച്ച ‘ധരം സൻസദി’ൽ വിദ്വേഷ പ്രസംഗങ്ങൾ അരങ്ങേറിയതിനെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബറിൽ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കായി പുറപ്പെടുവിച്ച നിർദേശമാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കി വിധി പുറപ്പെടുവിച്ചത്. ഇതോടെ വിദ്വേഷ പ്രസംഗം നടന്നാൽ പരാതിക്കാരെ കാത്തുനിൽക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാറുകളും കേന്ദ്രഭരണ പ്രദേശ ഭരണകൂടവും നിർബന്ധിതമാകും.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന കുറ്റകൃത്യം നടന്നാലുടൻ ഇന്ത്യൻ ശിക്ഷാ നിയമം 153എ, 153ബി, 295എ, 506 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് അധികൃതർ ഉറപ്പുവരുത്തണം. തുടർന്ന് കുറ്റവാളികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുനീങ്ങുകയും വേണം. ഇതിനാവശ്യമായ നിർദേശങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉടൻ പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അത്തരമൊരു നിയമ നടപടി വിദ്വേഷ പ്രസംഗകന്റെ മതം നോക്കാതെ ആയിരിക്കണമെന്നും എങ്കിൽ മാത്രമേ ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്ത ഭാരതത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കപ്പെടുകയുള്ളൂവന്നും ഉത്തരവിൽ ഓർമിപ്പിച്ചു.

എല്ലാ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും കേസുകളുമായി ആളുകൾ സുപ്രീംകോടതിയിലേക്ക് വരുകയാണെന്നും ഇതോടെ സുപ്രീംകോടതി മജിസ്ട്രേറ്റ് കോടതിയാകുമെന്നും കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരിഭവപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക ചട്ടക്കൂടിനെയാണിത് ബാധിക്കുന്നതെന്ന് ജ. ജോസഫ് ഇതിന് മറുപടി നൽകി. ഹിന്ദു സമുദായത്തിനോ മുസ്‍ലിം സമുദായത്തിനോ എതിരെ നടപടി എടുക്കണമെന്നല്ല, മതമേതെന്നു നോക്കാതെ നടപടി എടുക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി.

വിദ്വേഷ പ്രസംഗകർക്കെതിരെ നടപടി എടുക്കാത്തതിന് നിരവധി സംസ്ഥാന സർക്കാറുകളെ അതിരൂക്ഷമായി വിമർശിച്ചതിനൊടുവിലാണ് സുപ്രീംകോടതിയുടെ കഴിഞ്ഞവർഷത്തെ വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയത്. ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത മഹാരാഷ്ട്ര സർക്കാറിനെ വെള്ളിയാഴ്ചയും സുപ്രീംകോടതി വിമർശിച്ചു. തങ്ങളുടെ വിധി ലാഘവത്തോടെ എടുക്കരുതെന്ന് മഹാരാഷ്ട്രക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനെ ജസ്റ്റിസ് ജോസഫ് ഓർമിപ്പിച്ചു.

മാധ്യമപ്രവർത്തകനായ ശഹീൻ അബ്ദുല്ല, അഡ്വ. നിസാം പാഷ മുഖേന സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും നോഡൽ ഓഫിസർമാരെ നിയമിക്കണമെന്ന് ശഹീൻ അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി അഞ്ചിന് ശേഷവും മഹാരാഷ്ട്രയിൽ നിരവധി റാലികളിൽ ഒരേ ആളുകൾ വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിച്ചുവെന്നും സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നും പി.യു.സി.എല്ലിനുവേണ്ടി ഹാജരായ അഡ്വ. സഞ്ജയ് പരേഖ് കുറ്റപ്പെടുത്തി.

Post a Comment

0 Comments