ന്യൂയോർക്ക്: ഹോളിവുഡ് സിനിമകളേയും വെബ് സീരീസുകളേയും അനുസ്മരിപ്പിക്കുന്ന മോഷണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സിയാറ്റിലിൽ നടന്നത്. ശുചിമുറിയിൽ തുരങ്കമുണ്ടാക്കി ആപ്പിൾ സ്റ്റോറിൽ കടന്ന് അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന 436 ഐഫോണുകളാണ് മോഷ്ടാക്കൾ കടത്തിയത്.[www.malabarflash.com]
അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലായിരുന്നു ഞെട്ടിക്കുന്ന മോഷണം. സ്റ്റോറിനു സമീപമുള്ള ‘സിയാറ്റിൽ കോഫി ഗിയർ’ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് രണ്ടു മോഷ്ടാക്കൾ ഉള്ളിൽ കടക്കുകയായിരുന്നു. പിന്നീട് ഇവിടത്തെ ശുചിമുറിയുടെ ഭിത്തി തകർത്ത് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി. ഇതിലൂടെയാണ് മോഷ്ടാക്കൾ സ്റ്റോറിനകത്ത് കടന്നത്.
കവർച്ചയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ആപ്പിൾ സ്റ്റോറിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചാൽ അലാം മുഴങ്ങും എന്ന് കരുതിയാവാം തുരങ്കം ഉണ്ടാക്കി മോഷണം ആസൂത്രണം ചെയ്തത് എന്നാണ് സൂചന.
0 Comments