NEWS UPDATE

6/recent/ticker-posts

പാളത്തിൽ മരം വീണു; ട്രെയിൻ ദുരന്തമകറ്റാൻ മാലാഖയെ പോലെ ചന്ദ്രാവതിയെത്തി

മംഗളൂരു: ദുരന്തമുഖത്ത് വയോധികയുടെ മനഃസാന്നിധ്യം അകറ്റിയത് വൻ ട്രെയിൻ ദുരന്തം. കുടുപ്പു ആര്യമനയിൽ ചന്ദ്രാവതിയാണ് (70) പാളത്തിന് കുറുകെ വീണ മരത്തിൽ ഇടിക്കും മുമ്പെ മംഗളൂരു സെൻട്രൽ-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിർത്തിച്ചത്.[www.malabarflash.com]

പഞ്ചനടിക്കും പടിൽ ജോക്കട്ടെക്കും ഇടയിൽ മന്ദാരയിലാണ് പാളത്തിൽ മരം വീണത്. പാളങ്ങൾക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവർക്ക് മനഃപാഠം.

സംഭവത്തെ കുറിച്ച് ചന്ദ്രാവതി പറയുന്നത്: ‘ഉച്ചയൂൺ കഴിഞ്ഞ് വരാന്തയിൽ ഇരിക്കുകയായിരുന്നു. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം. മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോർത്തപ്പോൾ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് തീവണ്ടിയുടെ ചൂളം വിളി. ഈശ്വരാനുഗ്രഹം, മുറ്റത്ത് ഒരു ചുവപ്പു തുണി വീണുകിടക്കുന്നു. അതുമായി പാളത്തിലേക്ക് ഓടി തീവണ്ടി വരുന്ന ഭാഗത്തേക്ക് ഉയർത്തി വീശി. ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യമൊക്കെ അപ്പോൾ മറന്നു. വീണ മരത്തിൽ തൊട്ടു തൊട്ടില്ല അവസ്ഥയിൽ ട്രെയിൻ നിന്നു’.

ചന്ദ്രാവതിയമ്മയുടെ അവസരോചിത ഇടപെടൽ മൂലം ഈ ഗ്രാമം സാക്ഷിയാവേണ്ടി വരുമായിരുന്ന വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാരൻ ആനന്ദ് കാറന്ത് പറഞ്ഞു. നാട്ടുകാരും അധികൃതരും ചേർന്ന് മരം മുറിച്ചുനീക്കിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.

Post a Comment

0 Comments