ചെങ്ങന്നൂർ: കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ ഇടിഞ്ഞു താഴ്ന്ന റിങ്ങുകൾക്കിടയിൽ കാൽ കുടുങ്ങി ജീവനു വേണ്ടി മണിക്കൂറുകളോളം പൊരുതിയ വയോധികൻ മരണത്തിനു കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ കോടുകുളഞ്ഞിയിലെ കിണറ്റിൽ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടിൽ കെ.എസ്.യോഹന്നാനെ (72) അഗ്നിരക്ഷാ സേനയും പൊലീസും ഐടിബിപിയും ചേർന്നു നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിൽ രാത്രി ഒൻപതരയോടെയാണു പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.[www.malabarflash.com]
കോടുകുളഞ്ഞി കൊല്ലംപറമ്പിൽ ഷെൽട്ടർ വീട്ടിലെ കിണർ വൃത്തിയാക്കാനാണു യോഹന്നാൻ സഹായിക്കൊപ്പം ഇറങ്ങിയത്. കാടും പടർപ്പും വൃത്തിയാക്കി പമ്പ് സെറ്റ് ഉപയോഗിച്ചു വെള്ളം വറ്റിക്കുന്നതിനിടെ കിണർ ഇടിഞ്ഞു. യോഹന്നാന്റെ കാൽ റിങ്ങുകൾക്കിടയിൽ പെട്ടു. 6 റിങ്ങുകൾ കാലിനു മുകളിലായതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസമയത്തു സഹായി കിണറിനു മുകളിലായിരുന്നു.
യോഹന്നാന് ഓക്സിജൻ നൽകിയ ശേഷം റിങ്ങുകൾ ഒന്നൊന്നായി പൊട്ടിച്ചു മാറ്റി ആളെ പുറത്തെടുക്കാനാണു ശ്രമം നടത്തിയത്. കഴുത്തിനു താഴെ വരെ ചെളിയിലും വെള്ളത്തിലും പൂണ്ടുനിൽക്കുകയായിരുന്നു. വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോൾ മണ്ണിടിഞ്ഞു. 7 മണിയോടെ യോഹന്നാന്റെ പ്രതികരണം നിലച്ചു. തുടർന്ന് ഓക്സിജൻ സിലിണ്ടറും മറ്റും തിരിച്ചെടുത്തു. ചെളി നിറഞ്ഞ കിണറ്റിൽ നിന്ന് ആളെ പുറത്തെടുക്കാൻ പിന്നെയും വൈകി.
രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കിണറിന്റെ വശങ്ങൾ തുരന്നു മണ്ണു നീക്കുകയായിരുന്നു ഏറെ ശ്രമകരമായ ദൗത്യം. യോഹന്നാന്റെ മേൽ കിണറിന്റെ അവശിഷ്ടങ്ങളോ മണ്ണോ ഇടിഞ്ഞു വീഴാതിരിക്കാൻ റിങ്ങുകൾക്കു മുകളിൽ പലകയും ഷീറ്റും നിരത്തി. വശങ്ങളിൽ നിന്നു മണ്ണിടിഞ്ഞു വീഴാതിരിക്കാൻ ഇരുമ്പു തകിട് കിണറിനുള്ളിൽ സിലിണ്ടർ രൂപത്തിൽ ഇറക്കി.
കിണറിന്റെ ആൾമറ ഇരുവശത്തേക്കുമായി പൊളിച്ചു നീക്കിയ ശേഷം ഓരോ റിങ്ങായി പൊളിച്ചു നീക്കാൻ തുടങ്ങി. ഒടുവിൽ രണ്ടു റിങ് ബാക്കിയായപ്പോഴാണു യോഹന്നാന്റെ പ്രതികരണം നിലച്ചത്. മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എംപിയും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
0 Comments