പട്‌ന: ബിഹാറിലെ വൈശാലിയില്‍ പതിമൂന്നുകാരി ആണ്‍സുഹൃത്തിന്റേയും ബന്ധുവായ സ്ത്രീയുടെയും സഹായത്തോടെ ഒമ്പത് വയസുകാരിയായ അനുജത്തിയെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും കൈവിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. വൈശാലി ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്.[www.malabarflash.com]
കൊലപാതകത്തില്‍ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പതിമൂന്നുകാരിയെ ജുവനൈല്‍ ഹോമിലേക്കയച്ചതായും പതിനെട്ടുകാരനായ ആണ്‍സുഹൃത്തും മുപ്പതിരണ്ടുകാരിയായ ബന്ധുവും കസ്റ്റഡിയില്‍ തുടരുന്നതായും പോലീസ് വ്യക്തമാക്കി. മുഖ്യപ്രതികളെ സഹായിച്ചതിനാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
മേയ് 15-ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നതെന്ന് വൈശാലി പോലീസ് സൂപ്രണ്ട് രഞ്ജന്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മടങ്ങിയെത്തിയ മാതാപിതാക്കള്‍ ഇളയകുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള വയലില്‍ നിന്ന് മേയ് 19-ന് കണ്ടെത്തിയത്.
അന്വേഷണത്തിനിടെ പോലീസ് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. പെണ്‍കുട്ടിയേയും ആണ്‍സുഹൃത്തിനേയും ഒരുമിച്ച് കാണാനിടയായതുകൊണ്ടാണ് അനുജത്തിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴിനല്‍കിയതായി എസ്പി കൂട്ടിച്ചേര്‍ത്തു. അനുജത്തിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഒരു പെട്ടിക്കുള്ളില്‍ വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചു. മൂന്ന് ദിവസത്തിനുശേഷം ദുര്‍ഗന്ധം വന്നതോടെ തൊട്ടടുത്ത വയലില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് എസ്പി വിശദമാക്കി.
0 Comments