NEWS UPDATE

6/recent/ticker-posts

ഗുജറാത്ത് ഭൂകമ്പത്തിൽ ജീവനറ്റ മാതാവിന്റെ മടിത്തട്ടിൽ നിന്ന് ജീവിതത്തിലേക്ക് പിച്ചവെച്ച മുർതാസക്ക് മംഗല്യം

2001ജനുവരിയിലാണ് ഗുജറാത്തിൽ 13,000 പേരുടെ ജീവനെടുത്ത ഭൂകമ്പമുണ്ടായത്. തകർന്നു വീണ മൂന്നുനില കെട്ടിടത്തിനിടയിൽ ജീവനോടെ ആരുമുണ്ടാകില്ല എന്നായിരുന്നു രക്ഷാപ്രവർത്തകർ കരുതിയത്.​ പെട്ടെന്നാണ് കോൺക്രീറ്റ് കൂമ്പാരങ്ങളുടെ അടിയിൽ നിന്ന് അവരൊരു നേർത്ത കരച്ചിൽ കേട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ തിരഞ്ഞപ്പോൾ അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന എട്ടുമാസം ​പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടത്. അമ്മ സൈനബിന് ജീവനുണ്ടായിരുന്നില്ല. ഒരു നിമിഷം പോലും പാഴാക്കാതെ അവർ അവനെ രക്ഷപ്പെടുത്തി. മുർതാസ അലി വെജ്‍ലാനി എന്നായിരുന്നു അദ്ഭുതകരമായി രക്ഷപ്പെട്ട ആ കുഞ്ഞിന്റെ പേര്.[www.malabarflash.com]


കഴിഞ്ഞാഴ്ചയായിരുന്നു ഇപ്പോൾ 22 വയസുള്ള മുർതാസയു​ടെ വിവാഹ നിശ്ചയം. രാജ്കോട്ടിലെ അലഫിയ ഹാതിയാരിയായിരുന്നു വധു.

2001ലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുജറാത്തിലെ ഭുജിനെ പിടിച്ചുകുലുക്കിയത്. രോഗിയായ മാതാവിനെ കാണാനായിരുന്നു മുർതാസക്കും സൈനബിനുമൊപ്പം അവരുടെ ഉമ്മ ഫാത്തിമ ഭുജിലേക്ക് എത്തിയത്. കൻസാര ബസാർ ഭാഗത്ത് മൂന്നുനിലയുള്ള വീട്ടിലാണ് അവരുടെ കുടുംബം താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ ആ വീട് തകർന്ന് നിലംപൊത്താൻ അധിക സമയം വേണ്ടിവന്നില്ല. മുർതാസയുടെ പിതാവ് മുഫദ്ദൽ, ഭാര്യ സൈനബ്, മുത്തശ്ശൻ മുഹമ്മദ്, അമ്മാവൻ അലി അസ്ഖർ, അമ്മായി സൈനബ്, അവരുടെ മക്കളായ നഫീസ, സക്കീന എന്നിവരും തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി. മുർതാസ ഒഴികെ മറ്റാരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭൂകമ്പമുണ്ടായി മൂന്നു ദിവസത്തിനു ശേഷം മുത്തശ്ശി ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി.

രക്ഷപ്പെടുത്തുന്ന സമയത്ത് മുർതാസയുടെ തലയിലും നെറ്റിയിലും കവിളിലും ശരീരത്തിന്റെ പിൻഭാഗത്തും വലിയ മുറിവുകളുണ്ടായിരുന്നു. ആദ്യം ഇന്ത്യൻ ആർമിയുടെ കാമ്പിലേക്കാണ് അവനെ കൊണ്ടുപോയത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. കച്ചിലെ അഞ്ചാർ നഗരത്തിലെ കച്ചവടം അവസാനിപ്പിച്ച് അമ്മായി നഫീസയും ഭർത്താവ് സാഹിദ് ലക്ദവാലയും ഭുജിലെ മെഹന്ദി കോളനിയിലേക്ക് താമസം മാറി. പിന്നീടുള്ള കാലം മുർതാസയുടെ കൂടെയായിരുന്നു അവർ.

വിവാഹ നിശ്ചയ ചടങ്ങ് നടക്കുമ്പോൾ പോലും ബന്ധുക്കളുടെ മനസിൽ അന്നത്തെ ഭൂകമ്പത്തെ കുറിച്ചുള്ള ഓർമകളായിരുന്നു. ആദ്യമായി കണ്ടപ്പോൾ തന്നെ ജീവിതസഖിയാകാൻ പോകുന്നവ അലഫിയയോട് മുർതാസ തന്റെ കഥകളെല്ലാം പറഞ്ഞിരുന്നു. കഥകളെല്ലാം കേട്ടപ്പോൾ അത്യപൂർവമായ രക്ഷപ്പെടൽ എന്നായിരുന്നു അലഫിയ പ്രതികരിച്ചത്.

Post a Comment

0 Comments