NEWS UPDATE

6/recent/ticker-posts

4 മാസമായി കാണാനില്ല; കൈകൾ ബന്ധിച്ച് തടിപ്പെട്ടിയിൽ ബ്രസീലിയൻ നടന്റെ മൃതദേഹം

ബ്രസീലിയ: നാലു മാസം മുൻപ് കാണാതായ ബ്രസീൽ താരത്തിന്റെ മൃതദേഹം റയോ ഡി ജനീറോയിലെ ഒരു വീടിനു പുറത്തെ പെട്ടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നടൻ ജെഫേഴ്സണ്‍ മച്ചാഡോ (44) മരിച്ചതായി കുടുംബ സുഹൃത്ത് സിന്തിയ ഹിൽസെൻഡെഗർ മരണവിവരം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സ്ഥിരീകരിച്ചു.[www.malabarflash.com]


ഒരു വീടിന്റെ പുറത്ത് ആറടിയോളം ആഴമുള്ള കുഴിയിൽ ചങ്ങലകൾ കൊണ്ടു ബന്ധിച്ച് പെട്ടിയിൽ കിടത്തിയ നിലയിൽ ആണ് മൃതദേഹം കണ്ടെടുത്തത്. കുഴി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ആ വീട് വാടകയ്ക്ക് എടുത്ത ആളെ ചുറ്റിപ്പറ്റിയാണ് നിലവിലെ അന്വേഷണം. ഇയാൾ ഒരുമാസം മുൻപാണ് വീട്ടിൽ അവസാനമായി എത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ജെഫേഴ്സണിന്റെ കൈകൾ തലയ്ക്കു പിന്നിലായി കെട്ടിവച്ചിരുന്നുവെന്നു കുടുംബത്തിന്റെ അഭിഭാഷകൻ ജൈറോ മഗാൽഹേസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ പെട്ടി ജെഫേഴ്സണിന്റെ വീട്ടിൽ ഉള്ളതിനു സമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അഴുകിയ മൃതദേഹം വിരലടയാളം വച്ചാണ് തിരിച്ചറിഞ്ഞത്. കഴുത്തിൽ പാട് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന സംശയം കുടുംബം ഉയർത്തുന്നു.

നടന്റെ വീട്ടിലെ എട്ട് നായ്ക്കുട്ടികളെ പരിപാലിക്കാൻ ആരുമില്ലെന്ന് സന്നദ്ധ സംഘടന അറിയിച്ചപ്പോഴാണ് ജെഫേഴ്സണെ കാണാതായെന്ന് കുടുംബം മനസ്സിലാക്കുന്നത്. മാസങ്ങളായി ജെഫേഴ്സണിന്റെ മൊബൈലിൽനിന്ന് കുടുംബത്തിന് സന്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇമെയിൽ സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകൾ കണ്ടപ്പോൾ സംശയം തോന്നിയിരുന്നെന്ന് ജെഫേഴ്സണിന്റെ അമ്മ മരിയ ദാസ് ഡോറെസ് പറഞ്ഞു.

Post a Comment

0 Comments