NEWS UPDATE

6/recent/ticker-posts

വിവാഹേതരബന്ധം ക്രൂരതയിലേക്ക്‌; യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സുഹൃത്ത് അറസ്റ്റില്‍


തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വന‌ത്തിൽ യു
വതിയെ കൊന്നുതള്ളിയ സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി. ബാലചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ ആതിരയാണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് അറിയിച്ചു.[www.malabarflash.com]

അങ്കമാലിയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ആതിരയും അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്. ഇരുവർക്കും മക്കളുമുണ്ട്. ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ‌ എന്ന പ്രൊഫൈലിലൂടെ റീൽസ് ഇട്ടിരുന്ന അഖിലിന് നിലവിൽ 11,000ൽ അധികം ഫോളോവർമാരാണ് ഉള്ളത്

ആതിരയെ ഏപ്രിൽ 29ന് കാണാതായെന്നാണ് ഭർത്താവ് സനൽ കാലടി നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കാലടി പോലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ആതിര സഹപ്രവർത്തകനായ ഇടുക്കി വെള്ളത്തൂവൽ സ്വദേശി അഖിൽ പി. ബാലചന്ദ്രനൊപ്പം കാറിൽ കയറിയെന്ന് വ്യക്തമായി. വാഹനത്തിന്റെ നമ്പർ വച്ച് ഉടമസ്ഥനെ വിളിച്ചപ്പോൾ റെന്റ് എ കാർ ആണെന്നും അഖിലിന് കാർ വാടകയ്ക്കു നൽകിയിരിക്കുകയാണെന്നുമായിരുന്നു പോലീസിനു ലഭിച്ച മറുപടി.

പിന്നാലെ അഖിലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തെങ്കിലും ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. പല തവണ ചോദ്യം ചെയ്തെങ്കിലും ആതിരയുമായി ബന്ധമില്ലെന്ന നിലപാടാണ് അഖിൽ സ്വീകരിച്ചത്. സൂപ്പർമാർക്കറ്റിൽനിന്ന് അവധിയെടുത്തത് എന്തിനാണെന്ന ചോദ്യത്തിനു കള്ളമായിരുന്നു അഖിലിന്റെ മറുപടി. പിന്നീട് ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ വിവരങ്ങൾ ലഭിച്ചതോടെ പോലീസ് വിശദമായ ചോദ്യംചെയ്യൽ നടത്തി. ഇതിലൂടെയാണ് കൊലപാതകവിവരം പുറത്തുവന്നത്.

അതിരപ്പിള്ളി തുമ്പൂർമുഴിയിൽ റോഡിനോടു ചേർന്ന് വനത്തിനുള്ളിൽ ആതിരയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം പാറക്കെട്ടിൽ തള്ളിയെന്ന് അഖിൽ പോലീസിനോടു പറഞ്ഞു. ഈ കുറ്റസമ്മതമൊഴി പ്രകാരം ഇന്നു പുലർച്ചെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത് അഖിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ആതിരയുടെ 12 പവൻ സ്വർണം പണയപ്പെടുത്തി അഖിൽ പണം വാങ്ങിയിരുന്നു. ഈ സ്വർണം തിരിച്ചുവേണമെന്ന് ആതിര പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അഖിൽ ഒഴികഴിവുകൾ പറഞ്ഞു. ആതിര ഇതു നിരന്തരം ആവശ്യപ്പെട്ടപ്പോൾ ഒഴിവാക്കാൻ വേണ്ടിയാണ് അഖിൽ കൊലപാതകം നടത്തിയത്.

അതിരപ്പിള്ളിയിലേക്കു വിനോദയാത്ര പോകാമെന്നു പറഞ്ഞ് ആതിരയെക്കൊണ്ട് അവധിയെടുപ്പിച്ചാണ് അഖിൽ റെന്റ് എ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഫോൺ എടുക്കേണ്ടെന്നു ആതിരയോടു പറഞ്ഞ അഖിൽ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നതിന്റെ തെളിവാണെന്ന് പോലീസ് പറയുന്നു. അഖിലും ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. രാവിലെ ജോലിക്കുപോകുന്നതുപോലെ പോയി, വൈകിട്ട് തിരിച്ചെത്തിക്കാം എന്നതായിരുന്നു അഖിൽ ആതിരയെ വിശ്വസിപ്പിച്ചത്. 

തുമ്പൂർമുഴിയിൽ എത്തിയശേഷം വനത്തിലെ വിജനമായ പ്രദേശത്തേക്ക് ആതിരയെ കൊണ്ടുപോയി. വനത്തിലൂടെ കുറച്ചുദൂരം നടക്കാമെന്നായിരുന്നു അഖിൽ ആതിരയോടു പറഞ്ഞത്. അവിടെവച്ച് ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഇതിനുപിന്നാലെ ആതിര നിലത്തുവീണപ്പോൾ ബൂട്ട് വച്ചു കഴുത്തിൽ ചവിട്ടി മരണം ഉറപ്പാക്കുകയും ചെയ്തു.

Post a Comment

0 Comments