തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫലം പുറത്ത്. പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മീയയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടു.[www.malabarflash.com]
ശനിയാഴ്ചയാണ് ബാലരാമപുരത്തെ അൽ അമൻ എഡ്യുക്കേഷനണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം ഫലത്തിലെ ആത്മഹത്യയെന്ന റിപ്പോർട്ട് അടക്കം തള്ളികളയുകയാണ് ബന്ധുക്കൾ. അസ്മീയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്ന് ബന്ധുവായ ഫിറോസ് പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് വിളിച്ച അസ്മീയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ഉമ്മയോട് ആവശ്യപ്പെട്ടത്. ഉസ്ദാതും ടീച്ചറും ഒറ്റപ്പെടുത്തുന്നുവെന്നും വഴക്കുപറയുന്നുവെന്നുമാണ് അസ്മീയ ഉമ്മയോട് പറഞ്ഞത്. മകളുടെ സംസാരത്തിൽ വിഷയം തോന്നിയ ഉമ്മ റഹ്മത്ത് ബീവി ഉടൻ ബാലരാമപുരത്തെത്തി. പക്ഷെ അസ്മീയ കുളിമുറിയിലാണെന്ന് പറഞ്ഞ് സ്ഥാപന അധികൃതർ കാത്തിരുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ബലം പ്രയോഗിച്ച് അകത്ത് കടന്നപ്പോഴാണ് ലൈബ്രറിയോട് ചേർന്ന് അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിക്കാനോ, അതിനുള്ള സൗകര്യം ഒരുക്കാനോ ആരും മെനക്കെട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.
പ്രണയബന്ധം തകർന്നതിലെ നിരാശയിൽ അസ്മീയ ആത്മഹത്യ ചെയ്തത് ആണെന്ന് വരുത്തിതീർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും ബന്ധുക്കൾ പറയുന്നു. നീതി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. വിശദമായ അന്വേഷണം നടക്കുന്നുവെന്നാണ് ബാലരാമപുരം പോലീസ് പറയുന്നത്.
0 Comments