NEWS UPDATE

6/recent/ticker-posts

ഹോട്ടല്‍ ഉടമയുടെ കൊലപാതകം; മൃതദേഹം ചുരത്തിൽ 2 ബാഗുകളില്‍ കണ്ടത് രണ്ടായി മുറിച്ച നിലയില്‍; ഒരാഴ്ചത്തെ പഴക്കം

പാലക്കാട്: വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.[www.malabarflash.com] 

അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളിൽ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ മൃതദേഹമാണെന്നാണ് സംശയം. ഒന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്.
 കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിക്കുന്നു. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്.

മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി. 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതുകൊണ്ടു തന്നെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നു പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സുജിത് ദാസ് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന്റെ ഹോട്ടൽ ജീവനക്കാരനായ ഷിബിലി , ഒപ്പം പിടിയിലായ ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം തിരൂര് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികൾ ഇവിടെ ഉപേക്ഷിക്കുമ്പോൾ കാറിൽ ആഷിക്കുമുണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് എത്തിക്കും.

കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.  

മരിച്ച സിദ്ദീഖിന്റെ ഭാര്യ: ഷക്കീല. മക്കൾ: ഷുഹൈൽ, ഷിയാസ്, ഷാഹിദ്, ഷംല.

ദിവസങ്ങളായി ഫോണിൽ കിട്ടാത്തത്തോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് സിദ്ദീഖിന്റെ സഹോദരൻ പറ‍ഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് വീട്ടിൽനിന്ന് പോയത്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയിൽനിന്ന് ഒഴിവാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ സിദ്ദീഖ് കടയിൽനിന്ന് പോയി. വൈകിട്ട് ഹോട്ടലിലെ സ്റ്റാഫ് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിനെ വിളിച്ചപ്പോൾ തലശേരിയിലാണ്, വരാൻ വൈകും, നിങ്ങൾ തന്നെ സാധനങ്ങൾ വരുത്താനാണ് അവരോട് പറഞ്ഞത്.

അതിനുശേഷം ഞങ്ങൾ രാത്രി വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു. സാധാരണ യാത്രയിൽ ഫോൺ ഓഫായാലും പിന്നീട് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ പിന്നീട് ഞങ്ങളെ വിളിച്ചിട്ടില്ല. 

കോഴിക്കോടും ഹോട്ടൽ നടത്തുന്ന സിദ്ദീഖ് ചിലപ്പോൾ രണ്ടു ദിവസമൊക്കെ അവിടെ താമസിക്കാറുണ്ട്. അതിനു ശേഷമാണ് വീട്ടിലേക്ക് വരാറ്. എന്നാൽ പോയി കുറച്ചു ദിവസങ്ങളായിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഹോട്ടലിൽനിന്ന് ഇങ്ങോട്ട് ജീവനക്കാർ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പരാതി നൽകിയത്’– സിദ്ദീഖിന്റെ സഹോദരൻ പറഞ്ഞു. 

രണ്ടു ലക്ഷത്തോളം രൂപ സിദ്ദീഖിന്റെ എടിഎം വഴി നഷ്ടമായെന്നും സഹോദരൻ പറഞ്ഞു. സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നുവെന്ന് മകൻ പറഞ്ഞു. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ഈ എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചപ്പോൾ പണം പിൻവലിച്ചത് സിദ്ദീഖ് അല്ലെന്ന് മനസ്സിലായി. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.

Post a Comment

0 Comments