NEWS UPDATE

6/recent/ticker-posts

കബളിപ്പിച്ച് പലരില്‍നിന്നു പണംതട്ടി; തട്ടിപ്പുകേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

മലപ്പുറം: പല സംഭവങ്ങളിലായി കബളിപ്പിച്ച് പലരില്‍നിന്നു പണംതട്ടിയ കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)നെയാണ് മലപ്പുറം സി.ഐ. ജോബി തോമസും സംഘവും അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി.യുടെ ചേര്‍പ്പിലെ വീട്ടില്‍നിന്നാണ് അറസ്റ്റ്.[www.malabarflash.com]


മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി ഇവരുടെ പേരില്‍ ഒന്‍പതു കേസുകളുണ്ട്. ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

ഇവരുടെ പേരിലുള്ളതെല്ലാം സാമ്പത്തികത്തട്ടിപ്പു കേസുകളാണ്. റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതും വക്കീല്‍ ചമഞ്ഞ് തട്ടിപ്പുനടത്തിയതും പോലീസുദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയില്‍ ഇടനിലക്കാരിയായി പണം തട്ടിയതുമുള്‍പ്പെടെ കേസുകളുണ്ട്. സ്വര്‍ണം തട്ടിയ പരാതിയും നിലവിലുണ്ട്.

പണം നഷ്ടപ്പെട്ടവര്‍ പത്രസമ്മേളനംപോലും വിളിച്ചിരുന്നു. പോലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി ഇവര്‍ പരാതിപ്പെട്ടു. കേസുകള്‍ ഒത്തുതീര്‍ക്കാനോ മലപ്പുറം പോലീസ് ആവശ്യപ്പെട്ടിട്ട് ഹാജരാകാനോ ഇവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പോലീസ് തൃശ്ശൂര്‍ ചേര്‍പ്പിലെത്തി ഇവരെ അറസ്റ്റുചെയ്തത്.

Post a Comment

0 Comments