ആലുവ: പ്രണയത്തിൽനിന്ന് പിൻമാറിയ യുവതിയെ മുൻസഹപാഠി സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമം. ഇതേത്തുടർന്ന് യുവതിയുടെ ബന്ധുക്കൾ യുവാവിനെ കൈയേറ്റം ചെയ്തെന്ന് പരാതി. എടത്തല സ്വദേശിയായ യുവാവും തായിക്കാട്ടുകര സ്വദേശിനിയും ആലുവയിലെ കോളേജിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളായിരുന്നു.[www.malabarflash.com]
യുവാവ് ലഹരിക്കടിമയാണെന്ന് അറിഞ്ഞതോടെയാണ് യുവതി പ്രണയത്തിൽനിന്ന് പിന്മാറിയതെന്ന് പറയുന്നു. അടുത്തിടെ വന്ന രണ്ട് വിവാഹ ആലോചനകളും യുവാവ് മുടക്കിയെന്നും യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണവും നടത്തിയെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.
നേരത്തെ ഇരുവരും ഒരുമിച്ച് നിന്നെടുത്ത ഫോട്ടോകളെല്ലാം യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് നിർമ്മിച്ച് പോസ്റ്റുചെയ്തു. ഇതിനെതിരെ യുവതി ആലുവ പോലീസിൽ നൽകിയ പരാതിയിൽ യുവാവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയും ഇയാൾക്കെതിരെ ആലുവ പോലീസിലുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് യുവതിയുടെ ബന്ധുക്കൾ കഴിഞ്ഞയാഴ്ച യുവാവിനെ മർദ്ദിച്ചെന്ന പരാതി ഉണ്ടായത്. ഇതിൽ യുവതിയുടെ ബന്ധുക്കൾക്കെതിരെ എടത്തല പോലീസ് കേസെടുത്തിട്ടുണ്ട്.
0 Comments