തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരം പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യനാണ് പരുക്കേറ്റത്. ഇവരെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്നു.[www.malabarflash.com]
ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ഗിരിജ അടുക്കള വാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. ഉഗ്ര സ്‌ഫോടന ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ് കിടക്കുന്ന ഗിരിജയെയാണ് കണ്ടത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അഗ്‌നിരക്ഷാ സേനയെത്തിയാണ് വീടിനകത്തെ തീ അണച്ചത്. അടുക്കളയിലുണ്ടായതിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് കേടുപാടുകളുണ്ടാകുകയോ ഗ്യാസ് ലീക്കാകുകയോ ചെയ്തതിന്റെ സൂചനയില്ലെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രിഡ്ജിന്റെ കംപ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചതാകാം അപകടക കാരണമെന്നാണ് പ്രാഥമിക നിഗമനം.
0 Comments