NEWS UPDATE

6/recent/ticker-posts

തിഹാർ ജയിലിൽ സിനിമയെ വെല്ലും രംഗങ്ങൾ; അർധരാത്രി മുതൽ കാത്തിരിപ്പ്, ടില്ലുവിനെ കുത്തിയത് നൂറിലേറെ തവണ

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ടില്ലു താജ്പുരിയയെ തിഹാര്‍ ജയിലിലിട്ട് കൊലപ്പെടുത്തിയത് ഒരാഴ്ചയോളം നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് റിപ്പോര്‍ട്ട്. ടില്ലുവിനെ കൊലപ്പെടുത്തിയ നാലംഗസംഘം ഒരാഴ്ച മുന്‍പ് തന്നെ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.[www.malabarflash.com]


രണ്ടാഴ്ച മുന്‍പാണ് ടില്ലുവിനെ മണ്ടോലി ജയിലില്‍നിന്ന് തിഹാറിലെത്തിച്ചത്. കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട യോഗേഷ്, ദീപക്, റിയാസ്, രാജേഷ് തുടങ്ങിയവര്‍ അന്നുമുതല്‍ ടില്ലുവിനെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയായിരുന്നു. 

കഴിഞ്ഞമാസം മെക്‌സിക്കോയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ച കുപ്രസിദ്ധ ഗുണ്ടാനേതാവ് ദീപക് ബോക്‌സറിനെ കൊല്ലാനാണ് ടില്ലു തിഹാറിലേക്ക് എത്തിയതെന്ന് പ്രതികള്‍ കരുതിയിരുന്നു. അടുത്തയാഴ്ച പോലീസ് കസ്റ്റഡി അവസാനിച്ചാല്‍ ദീപക് ബോക്‌സറിനെയും തിഹാറിലേക്ക് കൊണ്ടുവരാനിരുന്നതാണ്. ഇതോടെയാണ് അതിനുമുന്‍പേ ടില്ലുവിനെ വകവരുത്താന്‍ എതിര്‍സംഘം പദ്ധതിയിട്ടതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നാഴ്ച മുന്‍പ് തിഹാര്‍ ജയിലിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു ഗുണ്ടാനേതാവായ പ്രിന്‍സ് ദെവാഡിയ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ജയിലില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ടില്ലുവിന്റെ കൊലപാതകം.

2021-ല്‍ ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജിതേന്ദര്‍ ഗോഗിയുടെ കൂട്ടാളികളാണ് ടില്ലുവിനെ ജയിലിലിട്ട് കൊലപ്പെടുത്തിയത്. ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്തിയ കേസില്‍ ടില്ലു താജ്പുരിയയായിരുന്നു മുഖ്യപ്രതി. ജയിലില്‍വെച്ച് ടില്ലുവാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ഇയാളുടെ കൂട്ടാളികള്‍ അഭിഭാഷക വേഷത്തില്‍ കോടതിമുറിക്കുള്ളില്‍ കടന്നാണ് ജിതേന്ദര്‍ ഗോഗിയെ വെടിവെച്ച് കൊന്നത്.

ചൊവ്വാഴ്ച രാവിലെ 6.15-ഓടെയാണ് ജയിലിനുള്ളില്‍വെച്ച് ടില്ലുവിന് നേരേ ആക്രമണമുണ്ടായത്. ജയിലിലെ വാര്‍ഡില്‍ ടില്ലു താഴത്തെനിലയിലും പ്രതികളായ നാലംഗസംഘം ഒന്നാംനിലയിലുമാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത പ്രതികള്‍ ചൊവ്വാഴ്ച രാവിലെ ജയിലിനുള്ളിലെ ഇരുമ്പഴികള്‍ മുറിച്ചുമാറ്റിശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് ഒന്നാംനിലയില്‍നിന്ന് താഴേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് മുറിച്ചെടുത്ത കമ്പി കൊണ്ട് ടില്ലുവിനെ ആക്രമിച്ചു. മൂര്‍ച്ചയേറിയ കമ്പി കൊണ്ട് ഏകദേശം നൂറിലേറെ തവണ ടില്ലുവിനെ കുത്തിയെന്നാണ് വിവരം. എതിര്‍ക്കാന്‍ ശ്രമിച്ച മറ്റൊരു തടവുകാരനായ രോഹിത്തിനും ആക്രമണത്തില്‍ പരിക്കേറ്റു.

ആക്രമണത്തിന് തലേദിവസം പ്രതികളെല്ലാം ലഹരി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നാലംഗസംഘം ആക്രമണം നടത്താനുള്ള തയ്യാറെടുപ്പുകളുമായി കാത്തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാജീവനക്കാരുടെ സാന്നിധ്യം കുറവുള്ള സമയം ആക്രമണത്തിനായി തിരഞ്ഞെടുത്തത്.

അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ ടില്ലു താജ്പുരിയ ആദ്യം ചെറുക്കാന്‍ശ്രമിച്ചെങ്കിലും നാലംഗസംഘം മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ രോഹിത് മാത്രമാണ് ടില്ലുവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഇയാളെ അക്രമിസംഘം കുത്തിവീഴ്ത്തി. ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ മറ്റുതടവുകാരാരും സംഭവത്തില്‍ ഇടപെട്ടില്ല.

ഏകദേശം 20 മിനിറ്റോളം ആക്രമണം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. ഇരുപതുമിനിറ്റിന് ശേഷമാണ് സുരക്ഷാജീവനക്കാര്‍ സംഭവസ്ഥലത്തെത്തിയത്. ഇതിനോടകം കണ്ണുകളിലും മുഖത്തും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി നൂറിലേറെ തവണ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസുകാരെത്തി ടില്ലുവിന്റെ ശരീരം പുതപ്പിച്ചെങ്കിലും പ്രതികള്‍ ആക്രമണം തുടര്‍ന്നു. ടില്ലുവിന്റെ ജീവന്‍ പോയില്ലെന്ന് കരുതിയാണ് പുതപ്പ് മാറ്റി വീണ്ടും കുത്തിയത്. ഏകദേശം 12 തവണ ഇത്തരത്തില്‍ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ 'എടുത്തുകൊണ്ട് പോ' എന്ന് അലറിവിളിച്ചാണ് ഇവര്‍ അക്രമം അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ടില്ലു താജ്പുരിയ 2016 മുതല്‍ ജയിലിലാണ്. 16 കൊലക്കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ടില്ലു രണ്ടുകേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. മറ്റുകേസുകളില്‍ വിചാരണ തുടരുകയാണ്. പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ടില്ലുവിന്റെ സ്വദേശം ഡല്‍ഹിയിലെ താജ്പുര്‍ കലാമാണ്.

ടില്ലുവിന്റെ കൊലപാതകത്തിലും ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നിരവധി വീഴ്ചകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ടില്ലുവിനെയും എതിരാളികളെയും തൊട്ടടുത്തായി താമസിപ്പിച്ചത് മുതല്‍ ആക്രമണവിവരം അറിയാന്‍ വൈകിയത് ഈ വീഴ്ചകളിൽ ഉൾപ്പെടുന്നു. മാത്രമല്ല, അതിജാഗ്രത പുലര്‍ത്തേണ്ട ജയില്‍ വാര്‍ഡില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടും ആരുമറിഞ്ഞില്ല.

 മുഴുവന്‍സമയ നിരീക്ഷണവും സിസിടിവി സാന്നിധ്യവുമുള്ള അതിസുരക്ഷാ ബ്ലോക്കിലാണ് കൊലപാതകം നടന്നതെന്ന കാര്യവും ഏറെ ഗൗരവമേറിയതാണ്. ജയിലിലെ ഇരുമ്പഴികള്‍ പ്രതികള്‍ മുറിച്ചുമാറ്റിയതും ഇതിനായുള്ള ഉപകരണങ്ങള്‍ കൈയില്‍ കരുതിയതും എങ്ങനെയാണെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

Post a Comment

0 Comments