NEWS UPDATE

6/recent/ticker-posts

'ബജ്‌രംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കും'; വാഗ്ദാനം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: ബജ്‌രംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനമുള്ളത്. ശത്രുതയും വെറുപ്പും ഉത്പാദിപ്പിക്കുന്ന ഇത്തരം സംഘടനകളെ, അത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെങ്കിലും നിരോധിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.[www.malabarflash.com]

'ജാതിയുടെയും മതത്തിന്റെയും പേരില്‍ വെറുപ്പ് പടര്‍ത്തുന്ന സംഘടനകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. നിയമസംവിധാനവും ഭരണഘടനയും വളരെ പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ സംവിധാനങ്ങളെ ലംഘിക്കാന്‍, വ്യക്തികളെയോ ശതുത്രയും വെറുപ്പും പടര്‍ത്തുന്ന സംഘടനകളായ ബജ്‌റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലെയുള്ളവരെയോ സമ്മതിക്കില്ല, അത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നാണെങ്കിലും', കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞു.

അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുളളത്. ഈ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. 

മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. സംവരണ പരിധി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും, ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും, എസ് സി സംവരണം 15ല്‍ നിന്ന് 17% ആയി ഉയര്‍ത്തും, എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തും, സംസ്ഥാനത്തെ സാമൂഹ്യസാമ്പത്തിക സെന്‍സസ് പുറത്ത് വിടും, എസ് സിഎസ് ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി.

ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴില്‍ രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, അധികാരത്തില്‍ വന്ന് ആദ്യത്തെ 2 വര്‍ഷം എല്ലാ തൊഴില്‍ രഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവര്‍ക്ക് 1500 രൂപയും, എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി, ബിഎംടിസി ബസ്സുകളില്‍ സൗജന്യ യാത്ര എന്നിവയാണ് പ്രധാനപ്പെട്ട അഞ്ച് വാഗ്ദാനങ്ങള്‍.

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും വാഗ്ദാനം ചെയ്തു. ഇന്നലെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം.

Post a Comment

0 Comments