NEWS UPDATE

6/recent/ticker-posts

സിദ്ദിഖിന്റെ വാരിയെല്ലിന് പൊട്ടല്‍; പ്രതികള്‍ കട്ടറും ട്രോളി ബാഗും വാങ്ങിയത് കൊലപാതകത്തിനുശേഷം

കോഴിക്കോട്: ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറും പോലീസ് കസ്റ്റഡിയില്‍. ഇതോടെ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാല് ആയി. മൃതദേഹം മുറിച്ച് മാറ്റാനുള്ള ഇലക്ട്രിക് കട്ടര്‍ പ്രതികള്‍ വാങ്ങിയത് പൊലപാതകത്തിന് ശേഷമെന്നും കണ്ടെത്തല്‍.[www.malabarflash.com]


മേയ് 18-നായിരുന്നു വ്യവസായിയായ സിദ്ദിഖിനെ മുഖ്യപ്രതികളെന്ന് കരുതുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ചെർപ്പുളശ്ശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി(22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവർ ചേർന്ന് കൊലപ്പെടുത്തുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പ്രതികള്‍ എങ്ങിനെയാണ് കൃത്യം നിര്‍വഹിച്ചതെന്നതില്‍ കൂടുതല്‍ വ്യക്തത നിലവില്‍ വന്നിട്ടുണ്ട്. സിദ്ദിഖിന്റെ നെഞ്ചത്ത് ഭാരമുള്ള വസ്തു വച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ തുടർന്ന് സിദ്ദിഖിന്റെ വാരിയെല്ലിൽ പൊട്ടലുണ്ട്. തുടര്‍ന്ന് ഇലക്ട്രിക് കട്ടറുപയോഗിച്ച് ഇദ്ദേഹത്തിന്റെ ശരീരം വെട്ടിമുറിച്ചുവെന്നും റിപ്പോര്‍ട്ടില്‍.

മൃതദേഹം വെട്ടിമാറ്റാൻ ഉപയോ​ഗിച്ച ഇലക്ട്രിക് കട്ടറും മൃതദേഹം കടത്താനുപയോ​ഗിച്ച് ട്രോളി ബാ​ഗും പ്രതികൾ വാങ്ങിയത് കൊലപാതകത്തിന് ശേഷമാണെന്നാണ് വിവരം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രിക് കട്ടറുപയോ​ഗിച്ചതായി പോലീസ് സംശയിക്കുന്നത്. എന്നാൽ നിലവിൽ കൃത്യത്തിന് ഉപയോ​ഗിച്ചിരിക്കുന്ന ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല.

കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളായ ഷിബിലിയും ഫര്‍ഹാനയും മേയ് 18-ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജി 03, ജി 04 എന്നീ മുറികളിലാണ് ഇവരുണ്ടായിരുന്നത്. കൊലപാതകം നടന്നത് മേയ് 18-ന് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യത്തിന് ശേഷം മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയത് ആരാണെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

തിരക്കേറിയ നഗരത്തിലെ ഒരു ലോഡ്ജില്‍ ഇത്തരത്തിലൊരു ക്രൂരകൃത്യം നടക്കുമ്പോള്‍ തൊട്ടടുത്ത മുറികളിലുള്ളവര്‍ പോലും ഇത് അറിഞ്ഞില്ല എന്നതിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള മയക്കുമരുന്നുകള്‍ നല്‍കിയതായി പോസ്റ്റ് മോര്‍ട്ടത്തില്‍ സൂചനകളില്ല. പണത്തിന് വേണ്ടിയാണ് സിദ്ദിഖിനെ കൊന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെയോടെ മലപ്പുറം എസ്. പി സൂരജ് ദാസ് കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കുമെന്നാണ് കരുതുന്നത്.

Post a Comment

0 Comments