കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു 23-കാരി അപകടത്തില്‍പെട്ടത്.[www.malabarflash.com]
വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. മരണവാര്‍ത്ത പുറത്തുവിട്ടത് കുടുംബാംഗങ്ങളാണ്. സിയന്നയുടെ മോഡലിങ് ഏജന്‍സിയായ സ്‌കൂപ് മാനേജ്‌മെന്റും വിയോഗം അറിയിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചു. 'എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും' എന്ന ക്യാപ്ഷനോടെയാണ് സ്‌കൂപ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
2022-ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സിയന്ന. സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
കുതിര സവാരി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയായിരുന്നു സിയന്ന. മൂന്നാം വയസിലാണ് ആദ്യമായി കുതിരപ്പുറത്ത് കയറിയത്. കുതിരസവാരിയില്ലാത്ത ജീവിതം സങ്കല്‍പിക്കാനാകില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നു.
0 Comments