NEWS UPDATE

6/recent/ticker-posts

ശ്വാസനാളത്തിൽ കുടുങ്ങിയ എല്ലിൻ കഷണം നാലുവർഷത്തിനുശേഷം പുറത്തെടുത്തു; ഒമാൻ സ്വദേശിക്ക് കേരളത്തിൽ ആശ്വാസം

ആലുവ: വിട്ടുമാറാത്ത ചുമയും ശ്വാസകോശ പ്രശ്നങ്ങളും കാരണം കഴിഞ്ഞ നാലുവർഷമായി അസ്വസ്ഥത അനുഭവിക്കുകയായിരുന്നു ഒമാനിലെ മുസാന സ്വദേശിയായ സലീം നാസർ. കഴുത്ത് അനക്കുമ്പോൾ വേദന തുടങ്ങും. ശ്വാസമെടുക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒമാനിലും പുറത്തുമായി വിവിധ ആശുപത്രികളിൽ 71കാരനായ സലീം പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല.[www.malabarflash.com]


ഒടുവിൽ, ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടത് വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ ഒരു എല്ലിൻ കഷ്ണം തടഞ്ഞിരിക്കുന്നു! ശ്വാസകോശ വിഭാഗം മേധാവി ഡോ. രാജേഷിൻറെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിൻ കഷ്ണം നീക്കം ചെയ്യുകയും ശ്വസന പ്രക്രിയ പുനസ്ഥാപിക്കുകയും ചെയ്തു.

മേയ് നാലിനാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്. അതുവരെ ശ്വാസകോശ അണുബാധയ്ക്കുള്ള മരുന്ന് കഴിച്ച് താത്കാലിക ആശ്വാസം കണ്ടെത്തുകയാണ് ചെയ്തിരുന്നത്. സലീം രാജഗിരിയിൽ എത്തുമ്പോൾ ബന്ധുക്കൾക്കും റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്കയും അവ്യക്തതയും ആയിരുന്നു.

ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ. മെൽസി ക്ലീറ്റസിൻറെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ എക്സ്റേ, സി.ടി സ്കാൻ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്. അബദ്ധത്തിൽ പല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാർ. രോഗിയുടെ പ്രായം കണക്കിലെടുത്ത് ലോക്കൽ അനസ്തേഷ്യ നൽകി അതീവ സൂക്ഷ്മതയോടെയായിരുന്നു ഡോക്ടർമാർ ബ്രോങ്കോ സ്കോപ്പി പൂർത്തിയാക്കിയത്. 

ശ്വാസകോശ വിഭാഗം ഡോക്ടമാരായ ഡോ. ആർ.ദിവ്യ, ഡോ.ജ്യോത്സന അഗസ്റ്റിൻ എന്നിവരും ചികിത്സയിൽ പങ്കാളികളായി. രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാർത്ഥങ്ങൾ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണെങ്കിലും മുതിർന്നവരിൽ അസാധാരണമാണെന്ന് ഡോ. രാജേഷ് വി പറഞ്ഞു.

കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണെന്നും നാല് വർഷമായുളള ദുരിതത്തിൽനിന്നും പിതാവിന് മോചനം നൽകിയ ഡോക്ർമാരോട് നന്ദിയുണ്ടെന്നും സലീമിൻറെ മകൻ പറഞ്ഞു. ശ്വാസകോശ വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും മധുരം വിതരണം ചെയ്താണ് സലീമും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്.

Post a Comment

0 Comments