NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്ര ഭജനസമിതി സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങുന്നു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ശനിയാഴ്ച നാളിലെ ഭജന കൂട്ടായ്മയ്ക്ക് 50 വർഷം പിന്നിട്ടു. 1968 ലാണ് ഭണ്ഡാര വീട്ടിലെ പ്രത്യേക ഇടത്തിൽ സന്ധ്യാ ഭജനാലാപനത്തിന് തുടക്കമിട്ടത്. പിന്നീടത് പടിഞ്ഞാറ്റയുടെ തിരുമുറ്റത്ത് നേർച്ച സമർപ്പണ രൂപത്തിൽ പ്രചാരം നേടി. വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. അതിന്റെ രജത ജൂബിലിയും അന്ന് നടന്നിരുന്നു. പിന്നീട് ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിൽ പ്രത്യേക ഭജനസമിതി രൂപീകരിച്ചു. നിലവിൽ ആ സമിതിയ്ക്കാണ് ഇതിന്റെ നടത്തിപ്പ്.[www.malabarflash.com]


ശനിയാഴ്ചകളിൽ സന്ധ്യാദീപത്തിന് ശേഷം തുടങ്ങുന്ന ഭജന ഒന്നര മണിക്കൂർ നീളും. പ്രാർഥനയായി നടത്തുവാൻ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്. 1500യാണ്‌ ചെലവ്. ഭജനാനന്തരം പായസം പ്രസാദമായി നൽകുന്നതാണ് നേർച്ചയുടെ രീതി. നവരാത്രി നാളുകളിൽ എല്ലാ വർഷവും വിവിധ ഭജന സംഘങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭജന നടത്താറുണ്ട്.

50 വർഷം പൂർത്തിയായിട്ട് നാല് വർഷം പിന്നിട്ടത് 2019 ലായിരുന്നു. സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമിടാനിരിക്കെയാണ് കോവിഡിന്റെ കുരിക്കിൽ അന്ന് മാറ്റി വെക്കേണ്ടി വന്നത് . ആചാര സ്ഥാനികർ, കേന്ദ്രകമ്മിറ്റി, പ്രാദേശിക സമിതി, ഭജന സമിതി, മാതൃസമിതി, ഭജനയോട് താല്പര്യമുള്ളവർ എന്നിവരെ പങ്കെടുപ്പിച്ച് ഭരണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് സെപ്റ്റംബർ മാസത്തിൽ സുവർണ ജൂബിലി ആഘോഷത്തിന് തുടക്കമിടാൻ തീരുമാനിച്ചത്.

പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, സി. എച്ച്. നാരായണൻ, അഡ്വ. കെ. ബാലകൃഷ്ണൻ, ബാബു മണിയങ്ങാനം, ടി. അപ്പകുഞ്ഞി, സുകുമാരൻ പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികൾ : ഉദയമംഗലം സുകുമാരൻ (ചെയ.),ഗംഗാധരൻ പള്ളം, ടി. അപ്പകുഞ്ഞി വൈദ്യർ, സി. കെ. കണ്ണൻ (വൈ. ചെയ.), പി. വി. അശോക് കുമാർ (ജ. കൺ.),
ജയനന്ദൻ പാലക്കുന്ന്, മുരളി കാശി, മിനി ഭാസ്കരൻ (കൺ), പി. കെ. രാജേന്ദ്രനാഥ്‌ (ട്രഷറർ). കെ. വി. ഷൈജു വാണ് ഭജന സമിതിയുടെ പ്രസിഡന്റ്.

Post a Comment

0 Comments