NEWS UPDATE

6/recent/ticker-posts

മാനസികാരോഗ്യ വിദഗ്ധ ആശുപത്രിക്കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

ചേരാനല്ലൂർ: പോണേക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മാനസികാരോഗ്യ ചികിത്സാ വിദഗ്ധയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർ, ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ.ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.[www.malabarflash.com]


ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടിന് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ഇന്നലെ പുലർച്ചെ നാലു മണിയോടെ ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ അവർ തിരികെ വരാൻ വൈകിയതോടെ നടത്തിയ തിരച്ചിലിലാണു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ചേരാനല്ലൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകൾ ഇല്ലെന്നും ഇവർ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായും എസ്ഐ കെ.എക്സ്.തോമസ് പറഞ്ഞു. മൃതദേഹം പോലീസ് നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.

പിതാവ്: പിറമാടം മനയ്ക്കകാലായിൽ (പുളിങ്കുന്നേൽ) എം.ജി.വിജയൻ (റിട്ട. അധ്യാപകൻ ശല്യാംപാറ എസ്എൻവി യുപി സ്കൂൾ), മാതാവ്: പാലാ മേവിട ചെങ്ങഴശ്ശേരിൽ ഉഷ (അമ്പഴച്ചാൽ ശ്രീനാരായണ പബ്ലിക് സ്കൂൾ അധ്യാപിക). സഹോദരി: അബ്ജ. സംസ്കാരം നാളെ ഒന്നിനു പാമ്പാക്കുട സൗത്ത് പിറമാടം എൽപി സ്കൂളിനു സമീപം.

Post a Comment

0 Comments