NEWS UPDATE

6/recent/ticker-posts

'കൂടെ പോരുന്നോ?' എന്ന ചോദ്യത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? അധ്യാപികയുടെ കുറിപ്പ് വൈറൽ

തിരുവനന്തപുരം: ലൈംഗിക തൊഴിലാളിയെന്ന് കരുതി ‘കൂടെ പോരുന്നോ?’ എന്ന് ചോദിച്ച യുവാവിനോട് വ്യത്യസ്തമായി പെരുമാറിയ അനുഭവം പങ്കുവെച്ച് അധ്യാപികയും എഴുത്തുകാരിയുമായ സ്മിത നെരവത്ത്.[www.malabarflash.com]


യാത്രയ്ക്കിടയില്‍ ലൈംഗിക തൊഴിലാളിയെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് ഒരു യുവാവ് തന്നെ സമീപിക്കുകയും സംയമനം പാലിച്ച് അയാൾ ചെയ്ത തെറ്റ് മനസ്സിലാക്കി കൊടുക്കുകയും ചെയ്ത അനുഭവമാണ് സ്മിത തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. കുറിപ്പ് ഇതിനോടകം വൈറലായി.

ആദ്യം ആശയകുഴപ്പത്തിലായെങ്കിലും സംയമനം പാലിച്ച സ്മിത ഈ വ്യക്തിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും നേരിട്ട് പറയാതെ തന്നെ തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് അയാളുടെ മനസ് മാറ്റിയെടുക്കുകയും ചെയ്തു.

കുറിപ്പിന്റെ പൂര്‍ണരൂപം
‘ കൂടെ പോരുന്നോ ‘
പുറകില്‍ നിന്നും ആ ക്ഷണം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരന്‍. പോളീസ്റ്റര്‍ ഷര്‍ട്ടില്‍ നിന്ന് വിയര്‍പ്പിന്റെ രൂക്ഷഗന്ധം എനിക്കു ചുറ്റും പരന്നു. അയാളുടെ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി വിറയ്ക്കുന്നുണ്ടായിരുന്നു.
‘എങ്ങോട്ടേക്കാ’
അയാള്‍ മുഖത്തു നോക്കാതെ പറഞ്ഞു
‘ എവിടേലും മുറിയെടുക്കാം’ ആ മുഖത്തു നോക്കിയാല്‍
ഒരു സ്ത്രീയോട് ആദ്യമായിട്ടാണ് അയാള്‍ അങ്ങനെ ചോദിക്കുന്നതെന്ന് വ്യക്തമായിട്ടും മനസിലാകുമായിരുന്നു.
‘ വരാം പക്ഷേ അതിനു മുമ്പ് എനിക്കെന്റെ സുഹൃത്തിന്റെ വീടു വരെ പോകണം. ഒരഞ്ചു മിനുട്ട് .നിങ്ങളും കൂടെ വരൂ ‘ഞാനയാളോടു പറഞ്ഞു. ആദ്യമൊന്നു ശങ്കിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായി. എന്നെ കണ്ടപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നിച്ചതെന്താവും എന്ന ചിന്ത അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഞാന്‍ താന്‍ വിചാരിച്ച ആളല്ലെന്നും അയാളോടു കയര്‍ത്തു സംസാരിക്കണമെന്നും തോന്നിയെങ്കിലും പറ്റുന്നില്ല. ഞാനെന്തിന് അയാളോട് കയര്‍ക്കണം? ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ അന്നം തേടുന്നതിപ്പോഴും ഇങ്ങനെയൊക്കെ തന്നെയല്ലേ? എന്നെ കണ്ടാല്‍ അവരെപ്പോലെ തോന്നുമോ എന്ന വൃത്തികെട്ട ചിന്ത ഇഴഞ്ഞു കയറാന്‍ തുടങ്ങുമ്പോഴേ ഞാന്‍ തൂത്തെറിഞ്ഞു. അവരും ഞാനും തമ്മില്‍ കാഴ്ചയിലെന്ത്? പേരെന്താ? ഞാനയാളോട് ചോദിച്ചു.
‘സാബു ‘ അയാള്‍ സംശയത്തോടെ പറഞ്ഞു. നിങ്ങള്‍ എന്നെ പറ്റിക്കുകയാണോ? പറ്റില്ലെങ്കില്‍ ഞാന്‍ പോയ്‌ക്കോളാം. അയാള്‍ നടത്തം നിര്‍ത്തി.
‘ സാബു വായോ എന്റെ ഫ്രണ്ടിന്റെ വീട്ടില്‍ എത്താറായി.രണ്ടു മിനുട്ട് ‘

രവിയുടെ വീട്ടിലേക്ക് ഞാന്‍ കയറുമ്പോള്‍ സാബു ഗെയിറ്റില്‍ പിടിച്ചു നിന്നു.’നിങ്ങള്‍ പോയിട്ടു വാ ‘ അപ്പോഴേക്കും രവി പുറത്തേക്കു വന്നു. അവന്‍ നിര്‍ബന്ധിച്ച് സാബുവിനെ അകത്തേക്കു ക്ഷണിച്ചു.
ഇതാരാ സ്മിത? അവന്‍ ചോദിച്ചു. ‘ എന്റെ സുഹൃത്താണ് സാബു. ‘
രവി അയാളുടെ കൈ പിടിച്ചു അകത്തിരുത്തി.സാബുവിന്റെ വീടും വിശേഷങ്ങളും ചോദിക്കാന്‍ തുടങ്ങി. ആദ്യം തെല്ലു മടിച്ചെങ്കിലും അയാള്‍ പിന്നെ തുറന്നു സംസാരിക്കാന്‍ തുടങ്ങി. ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണ് വീട്. അമ്മയും മകനും മാത്രമേയുള്ളൂ വീട്ടില്‍ കുറച്ചു റബ്ബറും എലവും ഉണ്ട്.അത് മാര്‍ക്കറ്റില്‍ കൊടുത്ത് ആ പൈസയുമായി എറണാകുളത്തെത്തിയതാണ്. വയസ്സ് 35 കഴിഞ്ഞു. വിവാഹം കഴിച്ചിട്ടില്ല.രവി അവനോട് ചിരപരിചിതനെന്ന പോലെ സംസാരിച്ചു. ഞങ്ങള്‍ എങ്ങനെ സുഹൃത്തുക്കളായി എന്നൊന്നും ചോദിച്ചതേയില്ല. ശ്രീകലയും അവനും ചേര്‍ന്ന് ഉച്ചയൂണൊക്കെ കഴിപ്പിച്ചു. വന്ന കാര്യം മറന്നതു പോലെ സാബു ആ വീടിന്റെ ഭാഗമായി. അവന്റെ നിഷ്‌കളങ്കമായ ചിരി അവിടെ മുഴങ്ങി. ഇടക്കിടെ നിറഞ്ഞ ചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനവന്റെ കൈപിടിച്ചമര്‍ത്തി. തഴമ്പു നിറഞ്ഞ പരുക്കന്‍ കൈവെള്ളയില്‍ വിയര്‍പ്പു പൊടിയുന്നുണ്ടായിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ഗെയ്റ്റു കടന്നതും അയാളെന്നെ കെട്ടിപ്പിടിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.’ എന്നെ ഇതുവരെ ഇങ്ങനെ ആരും പരിഗണിച്ചിട്ടില്ല. എനിക്ക് സുഹൃത്തുക്കളും ഇല്ല. ഞാന്‍ ആദ്യമായിട്ടാ ഒരു സ്ത്രീയോട് …അയാളുടെ ശബ്ദം ഇടറി.

ഞാനയാളുടെ പുറത്തു തട്ടി.’സാരമില്ല. ആളറിയാതെയല്ലേ.ഞാന്‍ അവര്‍ നില്‍ക്കുന്ന സ്ഥലം കാണിച്ചു തരാം. എനിക്കു അക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയില്ല ”ചേച്ചി പോയ്‌ക്കോളൂ ഞാന്‍ തിരിച്ചു പോകുകയാ. പരിചയമില്ലാത്ത ഒരു സ്ത്രീയോട് പോരുന്നോ എന്നു ചോദിച്ചത് ശരിയല്ല എന്നെനിക്കു മനസിലായി ‘
അയാള്‍ ഒരിക്കല്‍ കൂടി എന്നെ കെട്ടിപ്പിടിച്ചു തിടുക്കത്തില്‍ നടന്നു മറഞ്ഞു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മെലിഞ്ഞു വിളര്‍ത്ത ആ ചെറുപ്പക്കാരന്റെ മുഖം മറക്കാന്‍ കഴിഞ്ഞിട്ടില്ല. വിയര്‍പ്പുപൊടിഞ്ഞ അവന്റെ പരുക്കന്‍ കൈവെള്ളയുടെ തണുത്ത സ്പര്‍ശവും.

Post a Comment

0 Comments